Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭീഷണിപ്പെടുത്തി...

ഭീഷണിപ്പെടുത്തി വരുതിക്ക് കൊണ്ടുവരാമെന്നുള്ള നിലപാട് അംഗീകരിക്കില്ല -രമേശ് ചെന്നിത്തല

text_fields
bookmark_border
ഭീഷണിപ്പെടുത്തി വരുതിക്ക് കൊണ്ടുവരാമെന്നുള്ള നിലപാട് അംഗീകരിക്കില്ല -രമേശ് ചെന്നിത്തല
cancel

ഹരിപ്പാട്: ബിഷപ്പുമാര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ബി.ജെ.പിക്ക് ഒപ്പം നിന്നില്ലെങ്കില്‍ സഭാ മേലധ്യക്ഷന്‍മാരെ ഭീഷണിപ്പെടുത്താമെന്നും വരുതിക്ക് കൊണ്ടുവരാമെന്നുമുള്ള നിലപാട് കേരളം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിന് ഗുണം ചെയ്യുന്ന ഒന്നല്ല. ദീപിക കേരളത്തിലെ ആദ്യത്തെ ദിനപത്രമാണ്. അവര്‍ അവരുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനം എപ്പോഴും നടത്താറുണ്ട്. പത്ര മുത്തശിയാണ് ദീപിക. അവരെ ആക്ഷേപിക്കുകയും ബിഷപ്പുമാരെ കടന്നാക്രമിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ല. അത് നിര്‍ഭാഗ്യകരമാണ്.

ബി.ജെ.പി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ക്രിസ്മസ് കാലത്ത് കേക്ക് കൊണ്ട് കൊടുക്കുകയും അല്ലാത്ത സമയത്ത് ബി.ജെ.പിയും സംഘ്പരിവാറും ചേര്‍ന്ന് ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവങ്ങളാണ്. ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്താമെന്ന് തെറ്റിദ്ധാരണ ബി.ജെ.പിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായിനിന്ന് ഇത്തരം ഭീഷണികളെ ചെറുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപതയും പാലാ രൂപതയും ഒന്നും ആകാശത്തുനിന്ന് പൊട്ടി വീണതല്ല. അവര്‍ക്കൊക്കെ അവരുടെ അഭിപ്രായങ്ങള്‍ പറയാനും അവരുടെ വിശ്വാസികളെ നേര്‍വഴിക്ക് നയിക്കാനുമുള്ള ഉത്തരവാദിത്വമുള്ളവരാണ്. ബി.ജെ.പി ഭീഷണി കൊണ്ട് അവരെ വരുതിക്ക് നിര്‍ത്താമെന്നുള്ളത് തെറ്റിദ്ധാരണയാണ്. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവര്‍ക്കും അവരുടെ ഇഷ്ട വോട്ട് ചെയ്യാനുള്ള അധികാരവും ഉണ്ട്. അഭിപ്രായങ്ങള്‍ പറയുകയും വോട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തങ്ങള്‍ക്കെതിരാകുന്നു എന്ന് കണ്ട് അവരെ നിലക്ക് നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുകയാണ് അവര്‍ക്ക് നല്ലത്. ബി.ജെ.പിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളുകളാണ് ഇങ്ങനെ കാഞ്ഞിരപ്പള്ളി പാലാ രൂപതകളെ ദീപിക പത്രത്തെയും നിശിതമായി വിമര്‍ശിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പി.സി. ജോർജിനും ഷോൺ ജോർജിനും എതിരെ ഹൈബി ഈഡൻ രംഗത്തുവന്നിരുന്നു. ബി.ജെ.പിയെ മുൻനിർത്തി ഭീഷണിയും വിലപേശലും നടത്തേണ്ടെന്നും ബി.ജെ.പിയിൽനിന്ന് വല്ലതും കിട്ടുമെങ്കിൽ വാങ്ങിയെടുത്താൽ മതിയെന്നും ഹൈബി ഈഡൻ പറഞ്ഞു. ക്രൈസ്തവരെയും മുസ്‌ലിങ്ങളെയും തമ്മിൽ തല്ലിക്കാനുള്ള ബി.ജെ.പിയുടെ ക്വട്ടേഷൻ ഏറ്റെടുത്തവരാണ് പി.സിയും ഷോൺ ജോർജുമെന്ന് ഹൈബി ഈഡൻ ആരോപിച്ചു. പരാജയ ഭീതിയിൽ വിറളി പൂണ്ടാണ് കത്തോലിക്കാ സഭക്കും മെത്രാന്മാർക്കുമെതിരെ ഇവർ നിരന്തരം അധിക്ഷേപം ഉന്നയിക്കുന്നത്. ബി.ജെ.പി ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടും ഇതാണോയെന്ന് അറിയാൻ താൽപര്യമുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. എഫ്.സി.ആർ.എ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് സഭക്ക് അകത്തും പുറത്തും കോൺഗ്രസ് നടത്തിയത്. ബിൽ മാറ്റി വെക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ബി.ജെ.പി സർക്കാർ രാജ്യത്ത് ന്യൂനപക്ഷ വേട്ട തുടരുകയാണ്. ക്രൈസ്തവർക്ക് കേരളത്തിൽ ജീവിക്കാൻ രാജീവ് ചന്ദ്രശേഖറിന്‍റെയോ ബി.ജെ.പിയുടെയോ ഔദാര്യം ആവശ്യമില്ല. ക്രൈസ്തവ സ്ഥാപനങ്ങളെയും മാധ്യമസ്ഥാപനങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ സംരക്ഷണം കൊടുക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. കേരളത്തിൽ ഒരു സീറ്റ് പോലും ഇല്ലാത്ത പാർട്ടി ദേശീയതലത്തിലെ അധികാരത്തിന്‍റെ ഹുങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. മുസ്‌ലിം-ക്രൈസ്തവ വിഭജനവും വർഗീയതയും ആളിക്കത്തിക്കാൻ ശ്രമിക്കുന്നവരാണ് പി.സിയും ഷോൺ ജോർജും. ഷോൺ ജോർജ് കുറെ നാളായി ക്രൈസ്തവ സഭകളെ പറ്റിക്കുകയാണ്. ഡൽഹിയിൽ അമിത് ഷായുടെയും മോദിയുടെയും വിരുന്നിൽ ഏതാനും മതമേലധ്യക്ഷന്മാരെ എത്തിച്ചിട്ട് അതിന്‍റെ ആനുകൂല്യം പറ്റുകയാണ് ഷോൺ ചെയ്യുന്നത്. മുനമ്പം വിഷയത്തിലും ക്രൈസ്തവരെ കബളിപ്പിച്ചു. നന്ദി മോദി എന്നു പറഞ്ഞ് ബി.ജെ.പിയെ സുഖിപ്പിക്കുകയും ക്രൈസ്തവരെ കബളിപ്പിക്കുകയുമാണ് ഷോൺ അടക്കമുള്ളവർ ചെയ്തത്. ബി.ജെ.പിയുടെ കരുണയിൽ ജീവിക്കേണ്ടവരാണ് ക്രൈസ്തവരെന്ന ധാരണ പരത്താനുള്ള ശ്രമം കൈയിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. എഫ്.സി.ആർ.എ ദേദഗതി ബിൽ പിൻവലിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaShone GeorgeCongessP.C.GeorgeBJP
News Summary - We will not accept the position that we can bring the accused to court by threatening them - Ramesh Chennithala
Next Story