തൃശൂർ: വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷൻ ഫ്ലാറ്റ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതാക്കളും സന്ദർശിച്ചു. കാറ്റടിച്ചാൽ മറിഞ്ഞുവീഴുന്ന, മഴപെയ്താൽ കുത്തൊലിച്ചുപോകുന്ന കെട്ടിടമാണ് ലൈഫ് മിഷനുവേണ്ടി നിർമിച്ചതെന്ന് വ്യക്തമായതായി ചെന്നിത്തല പറഞ്ഞു.
ഇവിടെ നടക്കുന്ന തട്ടിപ്പ് ഒറ്റനോട്ടത്തിൽ തന്നെ എല്ലാവർക്കും കാണാവുന്നതാണ്. പാവപ്പെട്ടവർ ഇതിൽ എങ്ങനെ ജീവിക്കും. ഇവിടെ കഴിയുന്നവർ ആദ്യം ഇൻഷുറൻസ് എടുക്കുകയാണ് ചെയ്യേണ്ടത്. എപ്പോൾ വേണമെങ്കിലും ഒരു ദുരന്തമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു.
ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്ത മുഖ്യമന്ത്രിയിൽ നിന്നും ഒരു മറുപടി ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
ടി.എൻ. പ്രതാപൻ എം.പി, രമ്യാ ഹരിദാസ് എം.പി, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, അനിൽ അക്കര എം.എൽ.എ, പത്മജ വേണുഗോപാൽ തുടങ്ങിയവർ ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.