ആശ്രിത നിയമനം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം : ആശ്രിത നിയമനം അട്ടിമറിക്കാൻ സർക്കാർ ഗൂഢശ്രമം നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള എൻ.ജി.ഒ അസോസിയേഷൻ 48 ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് സർവീസിൽ ഇരിക്കെ മരണമടയുന്നവരുടെ ആശ്രിർക്ക് സമാശ്വാസ പദ്ധതി പ്രകാരം ജോലി നൽകുന്നത്.
എന്നാൽ, ഒരു വർഷത്തിനുള്ളിൽ ജോലി ലഭിച്ചില്ലെങ്കിൽ പത്തുലക്ഷം രൂപ സമാശ്വാസധനമായി വാങ്ങിപ്പോകണമെന്ന സർക്കാർ നിർദേശം അപലപനീയമാണ്. ഓരോ വകുപ്പിലും ഉള്ള ആകെ ഒഴിവിന്റെ അഞ്ച് ആണ് ആശ്രിത നിയമനത്തിനായി മാറ്റിവക്കേണ്ടത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ആശ്രിത നിയമനത്തിന് സമർപ്പിച്ച അപേക്ഷകളിൽ പൂർണമായും നിയമനം നൽകിയിരുന്നു.
തസ്തികകൾ ഒഴിവില്ലാതെ വരുന്ന സാഹചര്യത്തിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചായിരുന്നു ഇത്തരം നിയമനങ്ങൾ നടത്തിയത്. ഒഴിവുകൾ വരുമ്പോൾ ഇവ ക്രമപ്പെടുത്തി നൽകുകയും ചെയ്യും.തൊഴിലാളി പ്രേമം നടിക്കുന്ന ഭരണകൂടം തൊഴിലാളി വിരുദ്ധനയങ്ങളുമായി ആയിട്ടാണ് മുന്നോട്ടുപോകുന്നത്. ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കപ്പെട്ടിരിക്കുന്നു. 2021 മുതലുള്ള 11 ശതമാനം ക്ഷാമബത്ത കുടിശ്ശിക ആണ്.
കേന്ദ്ര ഗവൺമെൻറ് ജീവനക്കാർക്ക് യഥാസമയം ക്ഷാമബത്ത കിട്ടുമ്പോഴും കേരളത്തിലെ ജീവനക്കാർ ആനുകൂല്യത്തിനായി നിരന്തരം പ്രക്ഷോഭത്തിലാണ്. വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കാൻ സർക്കാർ തയാറായിട്ടില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി അധികാരത്തിൽ എത്തിയവർ ഏഴാം വർഷവും അതിന് തയാറായിട്ടില്ല. പുനപരിശോധന കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണാതെ കിടക്കുകയാണ്.
ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സർക്കാരുകൾ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നു.പക്ഷേ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ കുറ്റകരമായ മൗനം പാലിക്കുകയാണ് .പങ്കാളിത്ത പെൻഷൻകാരെ വഞ്ചിക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണം. എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിൽ വരുത്താൻ തയാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ രാജേഷ് ഖന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി. ബോബിൻ സ്വാഗതവും ടി.വി രാമദാസ് കൃതജ്ഞതയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

