ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതികാരം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് വിജിലൻസിനെ ഉപയോഗിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പ്രതികാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ജനങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് എം.എൽ.എമാരെയാണ് ഇപ്പോൾ കേസിൽ കുടുക്കിയത്. കാസർകോട് ബിസിനസ് പൊളിഞ്ഞതിനാണ് കമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്തത്. പിന്നീട് കെ.എം. ഷാജിക്കെതിരെയായി നീക്കം. ഇതിനെ പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ്. ഈ മൂന്ന് നടപടിയും രാഷ്ട്രീയ പ്രേരിതമാണ്.
മുഖ്യമന്ത്രി ഈ കേസുകളിൽ നേരിട്ട് ഇടപെട്ട് ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുകയാണ്. വിജിലൻസ് ഉദ്യോഗസ്ഥർ സമ്മർദം സഹിക്കവയ്യാതെയാണ് ഇന്ന് അറസ്റ്റിനൊരുങ്ങിയത്.
മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തതാണോ ഇബ്രാഹിംകുഞ്ഞ് ചെയ്ത തെറ്റെന്ന് അദ്ദേഹം ചോദിച്ചു. അന്നത്തെ കമ്പനി ഇപ്പോഴും കേരളത്തിൽ പ്രവൃത്തികൾ ചെയ്തുകൊണ്ടിരിക്കുന്നു. പാലാരിവട്ടം പാലത്തിൽ ഭാരപരിശോധന നടത്തിയില്ല. അഴിമതി നടത്തിയെന്ന് വരുത്തിത്തീർക്കുകയായിരുന്നു സർക്കാർ.
ഒാരോ എം.എൽ.എമാരെയായി അറസ്റ്റ് ചെയ്യാനാണ് നീക്കമെങ്കിൽ യു.ഡി.എഫ് ശക്തമായി എതിർക്കും. ഉദ്യോഗസ്ഥർ നാളെ മറുപടി പറയേണ്ടിവരും. ഇല്ലാത്ത കഥകൾ ഉണ്ടാക്കി സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം.
ഇനിയും കള്ളക്കേസുകൾ ഉണ്ടാകുമെന്നാണ് ഇടതുമുന്നണി കൺവീനർ നൽകുന്ന സൂചന. അത് അനുവദിച്ചുകൊടുക്കില്ല. അറസ്റ്റിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുെമന്നും രമേശ് ചെന്നിത്തല പറഞ്ഞു.