'ഞാൻ ഒറ്റയാൾ പോരാളി' വി.ഡി സതീശന് മറുപടിയുമായി ചെന്നിത്തല
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും പറയുന്നതാണ് പാര്‍ട്ടി നിലപാടെന്ന് വി.ഡി സതീശന്‍റെ പ്രസ്താവനയ്ക്ക് പരോക്ഷ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചുവര്‍ഷവും താന്‍ കോണ്‍ഗ്രസിലെ ഒറ്റയാള്‍ പോരാളിയായിരുന്നു. താന്‍ കൊണ്ടുവന്ന പല വിഷയങ്ങളും പിന്നീട് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഇനിയും ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമൂഹത്തില്‍ താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇപ്പോഴും പ്രസക്തമായി നിലനില്‍ക്കുകയാണ്. തന്റെ ചോദ്യങ്ങൾ ഗവർണ്ണർ തള്ളിയില്ല എന്നത് പ്രസക്തമാണ്. രാജ്യത്തിന് അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങളാണ് സർവകലാശാലകളിൽ നടക്കുന്നത് എന്ന് ഗവർണ്ണർ പറഞ്ഞതു ഗൗരവതരമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം. കേരളം സർവകലാശാലയുടെ മൗനവും ദുരൂഹമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു.
സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പറഞ്ഞ കാര്യം ശരിയാണെന്നാണോ? മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിലെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. സര്‍വകലാശാലകളില്‍ സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിച്ചുകൊണ്ട് സര്‍വകലാശാലകളെ സര്‍ക്കാര്‍ അധഃപതിപ്പിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പുനര്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം ആദ്യം പുറത്തുവിട്ടത് താനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ആര്‍ ബിന്ദു രണ്ട് കത്തുകളാണ് ഗവര്‍ണര്‍ക്ക് അയച്ചത്. താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ പലരും വിശ്വസിക്കാന്‍ തയ്യാറായില്ല. പിന്നീട് കത്തുകള്‍ പുറത്തുവന്നപ്പോഴാണ് താന്‍ പറഞ്ഞകാര്യം ശരിയാണെന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

