വൈഷ്ണയെ സി.പി.എം ഭയപ്പെടുന്നുവെന്ന് ചെന്നിത്തല; ‘പരാതി നൽകിയത് സ്വന്തം വിലാസത്തിൽ 28 കള്ളവോട്ടുള്ള ആൾ’
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കാൻ പരാതി നൽകിയ സി.പി.എം മുട്ടട ബ്രാഞ്ച് കമ്മിറ്റി അംഗം ധനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വൈഷ്ണക്കെതിരെ പരാതി നൽകിയത് സ്വന്തം വിലാസത്തിൽ 28 കള്ളവോട്ടുള്ള ആളെന്ന് ചെന്നിത്തല പരിഹസിച്ചു.
വൈഷ്ണയെ സി.പി.എം ഭയപ്പെടുന്നു. യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം സുനശ്ചിതമെന്ന് കണ്ടിട്ടാണ് വോട്ടവകാശം ഇല്ലാതാക്കാൻ ശ്രമിച്ചത്. വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കിയ നടപടിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കിയത്. ഇതോടെ തെരഞ്ഞെടുപ്പിൽ വൈഷ്ണക്ക് മത്സരിക്കാം. കോടതി നിർദേശപ്രകാരം തെരഞ്ഞടുപ്പ് കമീഷൻ ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഹിയറിങ്ങിൽ വൈഷ്ണ സുരേഷും പരാതിക്കാരനായ ധനേഷ് കുമാറും കോർപറേഷൻ സെക്രട്ടറിയും ഹാജരായിരുന്നു.
വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റാനിടയാക്കിയ സാഹചര്യം വിശദീകരിക്കാൻ കോർപറേഷൻ സെക്രട്ടറിയോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ മറുപടി നൽകാൻ സെക്രട്ടറിക്ക് കഴിഞ്ഞില്ല. തുടർന്ന് പരാതിക്കാരനായ സി.പി.എം മുട്ടട ബ്രാഞ്ച് കമ്മിറ്റി അംഗം ധനേഷ് കുമാറിനോടും കമീഷണർ പരാതിക്കാധാരമായ വിവരങ്ങൾ ചോദിച്ചു. വോട്ടർ പട്ടികയിൽ വൈഷ്ണ സുരേഷിന്‍റെ പേരിനൊപ്പമുണ്ടായിരുന്നത് തെറ്റായ വീട്ട് നമ്പറാണെന്നും വ്യാജ ടി.സി നമ്പർ ഉപയോഗിച്ചാണ് വൈഷ്ണ പാസ് പോർട്ടും ലൈസൻസും സമ്പാദിച്ചതെന്നും ധനേഷ് കുമാർ ആരോപിച്ചു.
എന്നാൽ, ധനേഷ് കുമാറിന്‍റെ പേരിനൊപ്പമുള്ള വീട്ട് നമ്പറിൽ 25 പേർ വോട്ടർപട്ടികയിൽ ഉണ്ടെന്ന് പരാതി ലഭിച്ചതായി കമീഷണർ ചൂണ്ടിക്കാട്ടിയപ്പോൾ 25 അല്ല 28 പേരുണ്ടെന്നായിരുന്നു ധനേഷ് കുമാറിന്‍റെ മറുപടി. 2000ൽ മുട്ടട വാർഡ് രൂപീകരിക്കുന്ന വേളയിൽ ഇറങ്ങിയ വോട്ടർ പട്ടികയിലണ് തന്‍റെയും ബന്ധുക്കളുടെയും വീട്ട് നമ്പർ ഒരു പോലെയായത്. വീട്ട് പേരുകൾ വ്യത്യസ്തമായതു കൊണ്ടാണ് തിരുത്താൻ പോകാത്തതെന്നും താനായിട്ട് വോട്ടർപട്ടികയിൽ ആരുടെയും പേര് ചേർത്തിട്ടില്ലെന്നും ധനേഷ് കുമാർ അറിയിച്ചു.
എങ്കിൽ എന്തുകൊണ്ട് ആദ്യം സ്വന്തം വീട്ട് നമ്പറിലെ തെറ്റ് തിരുത്തിയില്ലെന്ന് കമീഷണർ ചോദിച്ചപ്പോൾ അത് ചെയ്യേണ്ടത് കോർപറേഷനാണെന്നായിരുന്നു ധനേഷിന്‍റെ മറുപടി. തുടർന്ന് ബുധനാഴ്ച 12 മണിയോടെ തീരുമാനം അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

