ബി.ജെ.പി-പിണറായി അന്തർധാര മറനീക്കി; പൊയ്മുഖം അഴിഞ്ഞു വീണെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ബി.ജെ.പി-പിണറായി അന്തർധാര മറനീക്കി പുറത്തുവന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കേസും ലാവലിൻ കേസുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധമാണ്. പിണറായി വിജയന്‍റെ പൊയ്മുഖം അഴിഞ്ഞു വീണുവെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം സി.പി.എം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ പിന്തുണയോടെയെന്നാണ് എച്ച്.ഡി ദേവഗൗഡ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിൽ പാർട്ടിക്ക് എം.എൽ.എമാരുണ്ടെന്നും അതിലൊരാൾ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു.
സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാർട്ടി എം.എൽ.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.
അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മിൽ ചർച്ച നടത്തിയിട്ടില്ല. പാർട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

