ഈ ദുനിയാവിന് അവർ കൂടി അവകാശികളാണ്; അന്ധനായ വളർത്തുനായയെ ചേർത്തുപിടിച്ച് ചെന്നിത്തല
text_fieldsതിരുവനന്തപുരം: വളർത്തുനായയെ കാറിൽ കെട്ടിവലിച്ച ക്രൂരതയുടെ വാർത്ത മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുമ്പോൾ അന്ധനായ വളർത്തുനായയെ ചേർത്തുപിടിച്ച രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പ് ശ്രദ്ധേയമാകുന്നു. നായയെ വളർത്തി ഏറെ നാൾ കഴിഞ്ഞാണ് സ്കൂബിക്ക് കാഴ്ചശക്തിയില്ലെന്ന് തിരിച്ചറിഞ്ഞത്. അതോടെ ഞങ്ങൾ കൂടുതൽ ആർദ്രതയോടെ ചേർത്തുപിടിച്ചുവെന്ന് പറയുന്നു ചെന്നിത്തല.
സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല, അവർ കൂടി അവകാശികളാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം:
വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസർഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ, ഞങ്ങളുടെ വളർത്തുനായ സ്‌കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി.
ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകൾ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ ഇടിച്ചാണ് നിൽക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്‌കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്.
കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചു തുടങ്ങി. ഏതെങ്കിലും ഒരു പോരായ്മ നികത്താനായി മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതൽ നൽകും എന്ന് പറയുന്നത് സ്‌കൂബിയുടെ കാര്യത്തിൽ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ചെത്തികൂർപ്പിച്ച ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു.
സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്നേഹത്തോടെ പെരുമാറുക. സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല, അവർ കൂടി അവകാശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

