സ്ത്രീസുരക്ഷ പദ്ധതിയിലുള്ളവരുടെ വിവരങ്ങളും ചോർത്തി; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല
text_fieldsകൊച്ചി: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വ്യക്തിവിവരങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചോർത്തിയതിനു പിന്നാലെ സ്ത്രീസുരക്ഷാ പദ്ധതിയിൽ പേര് ചേർത്തവരുടെ വ്യക്തിവിവരങ്ങളും സർക്കാർ ചോർത്തിയതായി രമേശ് ചെന്നിത്തല.
കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തി വിവരങ്ങളാണ് ഇതുവഴി സർക്കാർ ചോർത്തിയിരിക്കുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചതും മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതു സംബന്ധിച്ച രേഖകളും അദ്ദേഹം പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്താണ് ചെന്നിത്തല രേഖയായി പുറത്തുവിട്ടത്.
കേരളത്തിലെ പാവപ്പെട്ട സ്ത്രീകളുൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തി യാതൊരു മുൻകരുതലുമില്ലാതെ സ്വകാര്യ ഏജൻസികൾക്ക് കൈമാറി തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഡാറ്റ ലഭിച്ച സ്വകാര്യ ഏജൻസികൾ ഇവ എത്രമാത്രം ദുരുപയോഗം ചെയ്യാമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. കോടിക്കണക്കിന് രൂപയുടെ വാണിജ്യ മൂല്യമുള്ള സർക്കാർ അംഗീകൃത വ്യക്തിഗത വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ നേതൃത്വം നൽകിയെന്ന ഗുരുതരമായ ക്രിമിനൽ കുറ്റം ചെയ്ത മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണം. ഈ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണം. സൈബർ തട്ടിപ്പ് സംഘങ്ങളുടെ കയ്യിൽ ഈ പാവപ്പെട്ട സ്ത്രീകളുടെ വ്യക്തിവിവരങ്ങൾ എത്തിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ നൽകുന്ന കെ സ്മാർട്ട് ഡാറ്റാബേസ് ഒന്നടങ്കം മിഷൻ ഡയറക്ടർക്ക് നൽകണമെന്ന് നിർദേശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുടെ കത്ത് നേരത്തെ രമേശ് ചെന്നിത്തല തന്നെ പുറത്തുവിട്ടിരുന്നു. ഇതുകൂടാതെയാണ് സ്ത്രീസുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ ഡീറ്റെയിൽസ് എടുത്തതെന്നും ചെന്നിത്തല ആരോപിച്ചു.
ലഭിച്ച കെ-ഡിസ്ക് മിഷനിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വ്യക്തിക്ക് കൈമാറാനായിരുന്നു നിർദേശം. ഇപ്രകാരം ലഭിച്ച വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചാണ് മുഖ്യമന്ത്രി ഫെബ്രുവരി 19 മുതൽ 21 വരെ ഒരു കോടിയോളം പേർക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ബിസിനസ് അക്കൗണ്ടിൽ നിന്നാണ് ഈ വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. ഈ നടപടി തീർത്തും അനധികൃതവും അത്യന്തം നിയമവിരുദ്ധവുമാണ്. ഇതു കൂടാതെ കെ-ഡിസ്ക് വകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ എന്ന പേരിൽ പത്തോളം സ്വകാര്യ ഏജൻസികളെ എംപാനൽ ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുടെ പേരിൽ സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളിൽ നിന്നുമുള്ള വൻതോതിലുള്ള ഡാറ്റ ശേഖരിച്ചതിന് പിന്നാലെ സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് യാതൊരു മുൻകരുതലുകളും എടുക്കാതെ ബിസിനസ് വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കാൻ പാകത്തിൽ ഡാറ്റ നൽകിയിരിക്കുന്നു എന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുതന്നെ ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത് അതീവ ഗുരുതരമാണ്. ഈ അനധികൃത ഇടപാടിൽ പങ്കാളികളായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

