നിയമസഭാ നടപടികളുമായി സഹകരിക്കും -ചെന്നിത്തല
text_fieldsതിരുവനന്തപുരം: നിയമസഭാ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടികൾ തടസപ്പെടുത്തില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. രാവിലെ സഭാ നടപടികൾ ആരംഭിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചോദ്യോത്തരവേള തുടങ്ങിയപ്പോൾ മൂന്ന് എം.എൽ.എമാർ സഭാ കവാടത്തിൽ സത്യഗ്രഹം ഇരിക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചു. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് എം.എൽ.എമാർ സഭക്കുള്ളിൽ മുദ്രാവാക്യം വിളിക്കുകയുണ്ടായി.
അതേസമയം, യു.ഡി.എഫിന്റെ മൂന്ന് എം.എൽ.എമാരുടെ സത്യഗ്രഹം രണ്ടാം ദിവസത്തിലേക്ക് കടന്നു. വി.എസ്. ശിവകുമാർ, പാറയ്ക്കൽ അബ്ദുല്ല, എൻ. ജയരാജ് എന്നിവരാണ് ശബരിമല വിഷയത്തിൽ സത്യഗ്രഹമിരിക്കുന്നത്. രാവിലെ ചെന്നിത്തല എം.എൽ.എമാരെ സന്ദർശിച്ചിരുന്നു.
ഇന്നലെ രാത്രി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എം.എൽ.എമാരെ സന്ദർശിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ നിയമസഭാ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തിരുന്നു.
