പിണറായി സർക്കാർ ജനങ്ങളെ പോക്കറ്റടിക്കുന്നു, ബിൽ രഹിത ആശുപത്രി യു.ഡി.എഫ് ഉറപ്പുനൽകിയിരുന്നു -ചെന്നിത്തല
text_fieldsആലപ്പുഴ: സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സാ ചിലവിന് ജനങ്ങളിൽ നിന്നും പണം ഈടാക്കുമെന്നുള്ള കേരള സർക്കാറിന്‍റെ ഉത്തരവ് മനസാക്ഷി ഇല്ലാത്ത ക്രൂര നടപടിയാണെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. ഈ മഹാമാരി കാലത്ത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറക്കാൻ വിവിധ വകുപ്പുകളും വലവീശി ഇറങ്ങി നടക്കുകയാണ്. അതിനു പുറമെ ഈ നടപടി ജനദ്രോഹമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫിന്‍റെ പ്രകടന പത്രികയിൽ ഞങ്ങൾ ഉറപ്പ് നൽകിയിരുന്നു ബിൽ രഹിത ആശുപത്രി. പ്രതീക്ഷയോടെ ജനം നൽകിയ വിധി പുച്ഛിച്ച് ഇന്ന് പിണറായി സർക്കാർ ജനങ്ങളെ പോക്കറ്റടിക്കുകയാണ്. സർക്കാറിന്‍റെ അനാസ്ഥ മൂലം പകരുന്ന കോവിഡിന് പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് സർക്കാർ തന്നെയാണ്. മഹാമാരിയിലേക്ക് ജനങ്ങളെ തള്ളി വിടുന്ന സർക്കാർ അവരുടെ ചികിത്സ ചിലവ് ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ്.
നിത്യ ആഹാരത്തിന് പൊറുതി മുട്ടി ജനം വലയുമ്പോൾ അവരെ പരമാവധി സഹായിക്കേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്വമാണ്. ജനങ്ങൾക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്യാൻ മടിച്ചു നിൽക്കുന്ന സർക്കാർ കോവിഡ് ചികിത്സക്ക് പോലും പണം ഈടാക്കുന്നത് ജനസമൂഹത്തിന് നേരെയുള്ള അതിക്രമം മാത്രം.
അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രി ചിലവ് പോലും ഏറ്റെടുത്ത് അവിടത്തെ സർക്കാർ മാതൃക കാണിക്കുമ്പോൾ, ആരോഗ്യ മേഖലയിൽ എന്നും മാതൃക കാണിച്ചിട്ടുള്ള കേരള സർക്കാർ പരിഹാസമായി മാറിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

