ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കുടുംബത്തിന് രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്; 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കും
text_fieldsരമേശ് ചെന്നിത്തല
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയുടെ കൈത്താങ്ങ്. വേണുവിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകാനാണ് തീരുമാനം. പ്രീമിയം തുക രമേശ് ചെന്നിത്തല അടയ്ക്കും. വേണുവിന്റെ കുടുംബത്തിന് വേണുവിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വേണുവിന്റെ കുടുംബത്തെ ഇന്നലെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെല്ലാം പരിതാപകരമായ അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യയല്ല. ഇത്ര ഗതികെട്ട ആരോഗ്യ വകുപ്പിനെ വേറെ കണ്ടിട്ടില്ല. സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇത് മെഡിക്കൽ കോളജ് നടത്തിയ കൊലപാതകമാണ്. ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം. പാവങ്ങള്‍ക്ക് നീതിയില്ലാത്ത അവസ്ഥയാണ്. ഇതാണോ നമ്പർ വൺ കേരളമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സംസ്ഥാനത്തുടനീളം ആരോഗ്യരംഗം താറുമാറാണ്. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് കൂട്ടിരിപ്പുകാരൻ മരിച്ചു. പല ആശുപത്രികളിലും അവശ്യ സാമഗ്രികൾ ഇല്ലാത്തതുകൊണ്ട് പല സർജറികളും നടക്കുന്നില്ല. കാലാവധി കഴിഞ്ഞ് മരുന്നു കൊടുത്തത് മൂലം കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്കുണ്ടായ പ്രതിസന്ധികൾ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള അടിയന്തര പ്രതിസന്ധികൾ പരിഹരിക്കുന്നതിന് പകരം സർക്കാർ പി.ആർ ക്യാമ്പയിനുകളിൽ ശ്രദ്ധിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

