സിസ്റ്റത്തിനല്ല, മന്ത്രിക്കാണ് തകരാറെന്ന് ചെന്നിത്തല; ഒന്നും പറയാനില്ലെന്ന് വീണ ജോർജ്
text_fieldsപത്തനംതിട്ട: ആരോഗ്യവകുപ്പിലെ പ്രശ്നങ്ങൾക്ക് കാരണം സിസ്റ്റത്തിന്റെ തകരാറല്ല, മന്ത്രിയുടെ തകരാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ആരോഗ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമികത നഷ്ടപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജ് വിഷയത്തിൽ കള്ളങ്ങൾ പറഞ്ഞുപറഞ്ഞ് അവസാനം മാപ്പ് പറഞ്ഞ് തടി ഊരാൻ ശ്രമിക്കുകയാണ്. ഉത്തരവാദിത്തത്തിൽനിന്നും ആരോഗ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സത്യം പറഞ്ഞ ഡോക്ടറെ നിരന്തരം വേട്ടയാടുകയാണ്. സാധാരണക്കാരനായ ഒരു ഡോക്ടറാണ് അദ്ദേഹം. ഇതുപോലെ പീഡിപ്പിക്കാൻ പാടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് മന്ത്രി
ആലപ്പുഴ: തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദങ്ങളിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് മന്ത്രി വീണ ജോർജ്. ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ, എന്തെങ്കിലും പറയാനുണ്ടെങ്കിൽ അറിയിക്കാമെന്നായിരുന്നു മറുപടി. ശനിയാഴ്ച ആലപ്പുഴയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷയാണ് നൽകിയത്. പ്രതിഷേധമുണ്ടായാൽ നേരിടാൻ ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 15 അംഗ സംഘത്തെ നിയോഗിച്ചിരുന്നു.
മോശമായി ചിത്രീകരിക്കാൻ ശ്രമം നടന്നു -കെ.ജി.എം.സി.ടി.എ
തിരുവനന്തപുരം: രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുക എന്ന സദുദ്ദേശത്തോടെ മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെക്കാള്‍ അദ്ദേഹത്തിനെതിരായ നടപടികള്‍ക്കാണ് അധികാരികള്‍ ശ്രമിച്ചതെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെ.ജി.എം.സി.ടി.എ). ഡോ. ഹാരിസിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നത് പ്രതിഷേധാര്‍ഹമാണ്.
പ്രതികാര നടപടി ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ട്. സംഘടന ഉന്നയിച്ച വിഷയങ്ങള്‍ വിശദമായി ഉടന്‍ ചര്‍ച്ച നടത്താമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. നടപടികള്‍ ഉണ്ടാകില്ലെന്ന് ഡി.എം.ഇയും ഉറപ്പു നല്കി. ഡോ. ഹാരിസിന്റെ മുറിയില്‍ അധികാരികള്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ തിരച്ചില്‍ നടത്തുകയും മുറി മറ്റൊരു താഴിട്ടു പൂട്ടുകയും ചെയ്തത് അങ്ങേയറ്റം തെറ്റായ പ്രവൃത്തിയാണ്.
വകുപ്പ് മേധാവിയുടെ ഉത്തരവാദിത്വത്തിലുള്ള വസ്തുവകകള്‍ പരിശോധിക്കുന്നത് അദ്ദേഹത്തെ കൂടി ബോധ്യപ്പെടുത്തി വേണം. അതിനു ശേഷം വാർത്തസമ്മേളനം നടത്തി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തത്. ഇത് ഡോ. ഹാരിസിനെ കുടുക്കാനുള്ള ശ്രമമായി മാത്രമേ കാണാന്‍ കഴിയൂവെന്നും സംസ്ഥാന അധ്യക്ഷ ഡോ. ടി. റോസ്നാരാ ബീഗം, ജനറല്‍ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

