പാസ്റ്റർമാരെ ഉപദ്രവിച്ചതിനെതിരെ നടപടിയാണ് വേണ്ടത് -പിണറായിയോട് ചെന്നിത്തല
text_fieldsകൊച്ചി: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ക്രിസ്ത്യന്‍ പാസ്റ്റര്‍മാരെ ആക്രമിച്ച ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവർത്തകരെ പൊലീസ് പിടികൂടാത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പറവൂരിൽ മുജാഹിദ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഘപരിവാർ വർഗീയവാദികൾക്ക് സ്റ്റേഷനിൽ കസേര ഇട്ടു നൽകുകയാണ് പോലീസ് ചെയ്തത്. എന്നാൽ കൊടുങ്ങല്ലൂരിൽ ഇക്കൂട്ടരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാതെ രക്ഷപെടുത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാസ്റ്റർമാരെ ഉപദ്രവിക്കുന്നവരുടെ വീഡിയോയും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.
ലഹരിക്കെതിരെ പ്രചരണം നടത്തുന്നവരെ ആക്രമിക്കുന്നത് തടയാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലും പൊലീസിനായിട്ടില്ല. കേരളാ പൊലീസ് കഴിവ് കേടിന്‍റെ മറ്റൊരു പേരായി മാറുന്നത് പിണറായിയുടെ ഭരണത്തിൻ കീഴിലാണ്. പണി അറിയാവുന്ന ആരെയെങ്കിലും ഏൽപ്പിച്ചു ആഭ്യന്തര വകുപ്പ് കസേര പിണറായി വിജയൻ ഒഴിഞ്ഞില്ലെങ്കിൽ വർഗീയവാദികൾ ഈ നാടിന്‍റെ സമാധാനം ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്താവനയും ഫേസ്ബുക് പോസ്റ്റും എഴുതിയുള്ള നിയന്ത്രണമല്ല വേണ്ടത്. ജനങ്ങൾക്ക് വേണ്ടി പൊലീസ് ഈ നാട്ടിൽ ഉണ്ടെന്ന വിശ്വാസമാണ് അടിയന്തരമായി സൃഷ്ടിക്കേണ്ടത്. പിണറായിയുടെ കഴിവുകേടിന് ഓരോ ദിവസവും വൻവിലയാണ് നാട് കൊടുക്കേണ്ടിവരുന്നത്. പാസ്റ്റർമാരെ ഉപദ്രവിക്കുന്നവർക്കെതിരെ നടപടിയാണ് പിണറായീ ഇനി വേണ്ടതെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ലഹരി ഉപയോഗത്തിനെതിരെ പ്രചരണം നടത്തുമ്പോഴായിരുന്നു കഴിഞ്ഞ ദിവസം പാസ്റ്റര്‍മാരെ ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ കയറിയെന്നാരോപിച്ച് ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തുവെങ്കിലും അറസ്റ്റ് നടപടികളുണ്ടായിട്ടില്ല. വിവിധ കേസുകളില്‍ പ്രതിയായ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനുള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെയാണ് കേസ്. മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെ കൊടുങ്ങല്ലൂരിലെ വി പി തുരുത്തിലെ വീടുകള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തിയ പാസ്റ്റര്‍മാരാണ് ആക്രമണത്തിനിരയായത്.
ഇവരെ മര്‍ദിച്ച ശേഷം കൈയിലുണ്ടായിരുന്ന ലഘു ലേഖകള്‍ കീറി കളയാനും ഹിന്ദു ഹൈല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ കയറി കളി വേണ്ടെന്നും പറഞ്ഞായിരുന്നു അതിക്രമം. പിന്നീട് ഈ ദൃശ്യങ്ങള്‍ അക്രമികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കേരള ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന ഫേസ് ബുക്ക് പേജിലൂടെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പ്രതികളുടെ അറസ്റ്റ് വെകുന്നതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
