മുഖ്യമന്ത്രിയാണ് അന്നം മുടക്കിയത്; ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കുന്നുവെന്ന് ചെന്നിത്തല
text_fieldsആലപ്പുഴ: കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് കിട്ടേണ്ട റേഷൻ അരി മുഴുവൻ തടഞ്ഞ് വെച്ചിട്ട് തെരഞ്ഞെടുപ്പ് വന്നപ്പോൾ വിതരണം ചെയ്യുകയാണ് സർക്കാർ ചെയ്തത്. ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെയാണ് തടഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.
എന്തു കൊണ്ട് സർക്കാർ നേരത്തെ അരി കൊടുത്തില്ലെന്ന് ചെന്നിത്തല ചോദിച്ചു. മൂന്നാഴ്ച മുമ്പ് കൊടുക്കേണ്ട റേഷൻ അരി എന്തിനാണ് സർക്കാർ പൂഴ്ത്തിവെച്ചത്. സെപ്റ്റംബർ മുതൽ മാർച്ച് വരെ കുട്ടികൾക്ക് കൊടുക്കേണ്ട അരി മുഖ്യമന്ത്രിയല്ലേ പൂഴ്ത്തിവെച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ആദ്യമായ ഒാണക്കിറ്റ് കൊടുത്തത് യു.ഡി.എഫ് ആണ്. സർക്കാറിന് ഒരു നേട്ടവും പറയാനില്ലാത്തപ്പോഴാണ് പൂഴ്ത്തിവെച്ച അരി വിതരണം ചെയ്യാൻ ശ്രമിച്ചത്. സർക്കാറിന്‍റെ ഈ നടപടി തെരഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ലംഘനമാണ്. വിഷുവിന് കൊടുക്കേണ്ട കിറ്റ് ഏപ്രിൽ ആറിന് ശേഷം വിതരണം ചെയ്താൽ എന്താണ് കുഴപ്പമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
വളരെ വൃത്തിക്കെട്ട നിലയിൽ മുഖ്യമന്ത്രി ഭരണ ദുർവിനിയോഗം നടത്തുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് ഇത് മനസിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയുടെ യഥാർഥ ഏജന്‍റ് മുഖ്യമന്ത്രിയാണ്. ലാവലിൻ അടക്കം എല്ലാ കേസുകളും മരവിപ്പിച്ചത് ബി.ജെ.പിയുമായുള്ള കൂട്ടുക്കെട്ടിന്‍റെ ഭാഗമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പാലമായി ഉപയോഗിച്ചാണ് ഈ കൂട്ടുക്കെട്ട് ഉണ്ടാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.
ഇരട്ടവോട്ട് തടയാനുള്ള തന്‍റെ നീക്കത്തെ ആര് തടസപ്പെടുത്താൻ ശ്രമിച്ചാലും നടക്കില്ല. നാലു ലക്ഷത്തോളം കള്ളവോട്ടുകൾ ചേർത്തതിന് പിന്നിൽ പിണറായിയാണ്. മുഖ്യമന്ത്രി നേരിട്ടു നിർദേശം കൊടുത്ത പ്രകാരമാണ് ഉദ്യോഗസ്ഥന്മാർ കള്ളവോട്ട് ചേർത്തത്. കള്ളവോട്ട് കൊണ്ട് ഭരണതുടർച്ച നേടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കള്ളവോട്ട് മാത്രം ചെയ്ത് ജയിക്കുന്ന പാർട്ടിയാണ് സി.പി.എം എന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

