ആതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല - ചെന്നിത്തല
text_fieldsതിരുവനന്തപുരം: ആതിരപ്പള്ളി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം യു.ഡി.എഫ്. ഒറ്റക്കെട്ടായി തീരുമാനിച്ചതാണ്. ഇതില്‍നിന്നും ഒരിഞ്ച് പിന്നോട്ടുപോകില്ല. സര്‍ക്കാര്‍ സമവായം ഉണ്ടാക്കി പദ്ധതി നടപ്പിലാക്കുമെന്ന മന്ത്രിയുടെ വാദം അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ നേരിട്ട് പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും അവിടുത്തെ പ്രദേശവാസികൾ, ആദിവാസികൾ, പരിസ്ഥിതി പ്രവര്‍ത്തകർ എന്നിവരുമായി ചര്‍ച്ച നടത്തുകയുണ്ടായി. പദ്ധതി വേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. അതിരപ്പള്ളി പദ്ധതി നടപ്പായാല്‍ ഏകദേശം 140 ഹെക്ടര്‍ വെള്ളത്തിലാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. സ്ഥാപിതശേഷി 163 മെഗാവാട്ട് ആയാല്‍ പദ്ധതിക്ക് 300 കോടിരൂപയാണ് മുമ്പ് നിര്‍മാണച്ചെലവ് കണക്കാക്കിയിരുന്നതെങ്കില്‍ ഇന്നത് 1500 കോടി രൂപയോളം വരും. ആ നിലക്ക് ഈ പദ്ധതി ലാഭകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി നടപ്പാക്കിയാൽ പശ്ചിമഘട്ട മലനിരകളിലെ ഷോളയാര്‍ വനമേഖലയില്‍ ഉള്‍പ്പെട്ട അതിരപ്പള്ളിയിൽ അപൂര്‍വ്വയിനം പക്ഷിമൃഗാദികളും മത്സ്യങ്ങളും സസ്യജാലങ്ങളും ഉൾകൊള്ളുന്ന ജൈവവൈവിധ്യങ്ങളുടെ കലവറ നശിക്കും. ആദിവാസി ഊരുകള്‍ തുടച്ചുനീക്കപ്പെടും. പത്തുലക്ഷത്തോളം ടൂറിസ്റ്റുകള്‍ വര്‍ഷംതോറും എത്തുന്ന അതിരപ്പള്ളിയുമായി ബന്ധപ്പെട്ട ടൂറിസം വ്യവസായം തകരും. വൈദ്യുതിക്കമ്മി പരിഹരിക്കുന്നതില്‍ പരിമിതമായ സംഭാവനയേ ഈ പദ്ധതിക്ക് നല്‍കാനാകൂ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. ശുദ്ധജല- ജലസേചന സൗകര്യങ്ങള്‍ ഇല്ലാതാകും. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഈ വിഷയംയു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുകയും പദ്ധതി വേണ്ടെന്ന അഭിപ്രായത്തില്‍ എത്തിച്ചേരുകയും ചെയ്തത്. അതുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
