ഞെട്ടിക്കുന്ന രഹസ്യമൊഴി കിട്ടിയിട്ടും അന്വേഷണം മരവിപ്പിച്ചത് ഒത്തുകളി -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്ന് രഹസ്യമൊഴി ലഭിച്ച് മാസങ്ങളായിട്ടും അന്വേഷണം നടത്താതിരുന്ന കേന്ദ്ര ഏജൻസികളുടെ നടപടിയിൽ ദുരൂഹതയെന്ന് പ്രതിപക്ഷം. അന്വേഷണം മരവിച്ചത് സി.പി.എം-ബി.ജെ.പി ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
സ്വപ്ന സുരേഷ് കോടതിയില്‍ കൊടുത്ത രഹസ്യമൊഴിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത രാജ്യദ്രോഹക്കുറ്റമാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഞെട്ടിക്കുന്ന മൊഴി ലഭിച്ചിട്ടും അന്വേഷണം മരവിപ്പിച്ചത് ആരുടെ നിർദേശ പ്രകാരമാണ്? അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് മരവിപ്പിച്ചത്. ഇത് മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയാണ്. സർക്കാറിനെ ബുദ്ധിമുട്ടിക്കുന്നെന്നു പറഞ്ഞ്അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചശേഷം ഒരു അന്വേഷണവുമുണ്ടായിട്ടില്ലെന്നതും ഗൗരവതരമാണ്. പിണറായി-മോദി കൂട്ടുകെട്ടാണ് ഇതിലൂടെ തെളിയുന്നത്.
സി.പി.എം-ബി.ജെ.പി ഒത്തുകളി പുറത്തുവന്നതോടെ അത് മറച്ചുപിടിക്കാനുള്ള വെപ്രാളത്തിലാണ് മുഖ്യമന്ത്രി. അതിെൻറ ഭാഗമായാണ് കോണ്‍ഗ്രസിനുമേല്‍ കുതിരകയറാന്‍ ശ്രമിക്കുന്നത്. ബി.ജെ.പിയിലേക്ക് കടകാലിയാക്കല്‍ വില്‍പന നടത്തുന്ന കോണ്‍ഗ്രസിെൻറ നേതാവായി തന്നെ കുറ്റപ്പെടുത്തുന്ന പിണറായി വിജയൻ, കട കാലിയാക്കലല്ല കേരളത്തെത്തന്നെ കാലിയാക്കുന്ന വിൽപനയില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണ്. 5000 കോടി രൂപക്ക് കേരളത്തിെൻറ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാന്‍ നോക്കിയത് അദ്ദേഹമാണ്. അവസരം കിട്ടിയാല്‍ എന്തും കുറഞ്ഞ വിലക്ക് വിറ്റുകളയുന്ന പിണറായി കട കാലിയാക്കല്‍ വില്‍പനയില്‍ മികവ് തെളിയിച്ച ആളാണെന്ന് രമേശ് പറഞ്ഞു.
ഇ.ഡി നടപടി സി.പി.എം-ബി.ജെ.പി ബാന്ധവത്തിെൻറ തുടര്‍ച്ച
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടില്‍ നിയമസഭക്ക് അകത്തും പുറത്തും തെളിവ് സഹിതം വർഷങ്ങൾക്ക് മുമ്പ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ഇപ്പോള്‍ മാത്രം അന്വേഷണം തീരുമാനിച്ച ഇ.ഡിയുടെ നടപടി സി.പി.എം-ബി.ജെ.പി ബാന്ധവത്തിെൻറ തുടര്‍ച്ച തന്നെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വികസനം അട്ടിമറിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കാലത്ത് നിലവിളിക്കാന്‍ സി.പി.എമ്മിന് അവസരമുണ്ടാക്കിക്കൊടുക്കാനുള്ള ഒത്തുകളിയാണ് ഇത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇ.ഡി അന്വേഷണവുമായി ഇറങ്ങിത്തിരിച്ചത് ഗൂഢ ഉദ്ദേശ്യത്തോടെയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സ്പ്രിൻക്ലർ ഇടപാടിലും വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതിയിലും പിണറായി സര്‍ക്കാര്‍ ഭരണഘടനാലംഘനമാണ് നടത്തിയത്. യു.എ.ഇ കോണ്‍സുലേറ്റിൽ മന്ത്രിമാരുടെ ഇടപാടുകളില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായി. എന്നിട്ടും കേന്ദ്ര സര്‍ക്കാറോ കേന്ദ്ര ഏജന്‍സികളോ ഒന്നും ചെയ്തില്ല. സി.പി.എം-ബി.ജെ.പി ഒത്തുകളിയുടെ ഭാഗമാണ് ഇതെല്ലാം.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ വികസനത്തെ തുരങ്കംെവക്കുകയും ഭരിക്കുമ്പോള്‍ മാത്രം വികസന വക്താക്കളാകുകയും ചെയ്യുന്നത് ഇടതുമുന്നണിയാണ്. ലാവലിന്‍ ബന്ധമുള്ള കമ്പനിയില്‍നിന്ന് കൊള്ളപ്പലിശക്ക് മസാല ബോണ്ട് വിൽപനയിലൂടെ എന്തിന് പണം വാങ്ങിയെന്നാണ് തങ്ങൾ ചോദിക്കുന്നത്. ഊതിപ്പെരുപ്പിച്ച ഇമേജ് മാത്രമേ പിണറായി സര്‍ക്കാറിനുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി പിണറായിയുടെ തറവാട്ട് സ്വത്തല്ല
തിരുവനന്തപുരം: കിഫ്ബി പിണറായിയുടെ തറവാട്ട് സ്വത്തല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് മണ്ഡലത്തിൽ കിഫ്ബി ഫണ്ട് വേണ്ടെന്നുവെക്കാൻ പ്രതിപക്ഷ നേതാവ് തയാറായിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
താൻ ഒാട് െപാളിച്ചുവന്ന എം.എൽ.എയല്ല. കിഫ്ബി ആരുടെയും സ്വകാര്യ സ്വത്തുമല്ല. ജനങ്ങൾ നൽകുന്ന പെട്രോൾ നികുതിയിൽനിന്നാണ് കിഫ്ബി ഫണ്ട്. കിഫ്ബിയിലെ കൊള്ളയെയും അഴിമതിയെയുമാണ് തങ്ങൾ എതിർക്കുന്നത്. പിണറായി പറയുന്നതുകേട്ടാൽ ഏതോ ഒൗദാര്യം താനും ഹരിപ്പാടുകാരും പറ്റുന്നെന്ന തരത്തിലാണ്. അങ്ങനെ ഒരു ഒൗദാര്യവും അവർക്കുവേണ്ട. വികസനത്തിെൻറ പേരിലെ അഴിമതി കണ്ടില്ലെന്ന് നടിക്കാൻ പ്രതിപക്ഷത്തിന് കഴിയില്ല.
ആഴക്കടൽ മത്സ്യബന്ധനത്തിന് ഇ.എം.സി.സിയുമായുള്ള ഇടപാടുകളുടെ ഫയൽ പുറത്തുവിടണമെന്ന തെൻറ ആവശ്യത്തിന് സർക്കാർ മറുപടി നൽകിയിട്ടില്ല. അന്വേഷണം നടത്താൻ സർക്കാർ തയാറാകുന്നില്ലെങ്കിൽ അടുത്ത യു.ഡി.എഫ് സർക്കാർ അത് ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

