മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി; വർഗീയ വോട്ടുകൾ ഞങ്ങൾക്ക് വേണ്ട -രമേശ് ചെന്നിത്തല
text_fieldsആലപ്പുഴ: മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി പറയുേമ്പാൾ മാത്രമാണ് പിണറായിക്ക് ക്ഷൗര്യമുണ്ടാകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളിതുവരെ കേരളത്തെ അവഗണിച്ച പ്രധാനമന്ത്രി ഇപ്പോൾ ഇവിടെ വികസനം ഉണ്ടാകുമെന്ന് പറയുന്നത് അവിശ്വസനീയമാണ്. കേന്ദ്രം കേരളത്തെ എപ്പോഴും അവഗണിക്കുകയായിരുന്നു. കണക്ക് പറഞ്ഞ് വാങ്ങാൻ സംസ്ഥാന സർക്കാറിനും ശേഷിയുണ്ടായിരുന്നില്ല. ലാവ്ലിൻ കേസ് നീട്ടിവെക്കുന്നതിൽ മാത്രമായിരുന്നു പിണറായിക്ക് ശ്രദ്ധയെന്നും ചെന്നിത്തല പറഞ്ഞു.
ജി.എസ്.ടിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാനായില്ല. എയിംസ് കൊണ്ടുവരാനായില്ല. റബർ പോലുള്ളവയുടെ വിലയിടിവിന് പരിഹാരമുണ്ടാക്കാൻ കേന്ദം ഒന്നും ചെയ്തില്ല. എന്നാൽ, മോഡിയെ കുറിച്ച് പിണറായി ഒന്നും പറയുന്നത് കേട്ടില്ല. പിണറായിയും മോഡിയും ഭായി-ഭായി കളിക്കുകയാണ്.
ഏറ്റുവുമൊടുവിൽ സ്വർണകള്ളകടത്തു കേസ് ബി.ജെ.പിയുമായി ഒത്തു ചേർന്ന് മരവിപ്പിച്ചു. പകരം ബി.െജ.പിക്ക് ഏതാനും സീറ്റുകൾ എന്നതാണ് ധാരണ. രാജ്യത്തെ കോൺഗ്രസ് സർക്കാറുകളെ അസ്ഥിരപ്പെടുത്തുന്ന ഇ.ഡി എന്തുകൊണ്ടാണ് കേരളത്തിലെ ഭരണാധികാരികൾക്ക് നേരെ കണ്ണടക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്.
ശബരിമലയിലെ ആചാരങ്ങൾ ചവിട്ടിമെതിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ആരു വിശ്വസിക്കും. നിയമ നിർമാണം നടത്തി പ്രധാനമന്ത്രിക്ക് ശബരിമലയെ സംരക്ഷിക്കാമായിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമലക്കായി നിയമ നിർമാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ വോട്ടുകൾ ഞങ്ങൾക്ക് വേണ്ട. കോൺഗ്രസ് മുക്ത ഭാരതത്തിനായി പണിയെടുക്കുന്നവർ ഞങ്ങൾക്ക് വോട്ടുചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എൻ.ഡി.എ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയ സ്ഥലങ്ങളിൽ സി.പി.എം സ്ഥാനാർഥികളെ തോൽപിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെകുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഡീൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ്. സുരേഷ്ഗോപിയുടെ പ്രസ്താവന ഗൗരവമായി എടുക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സിയുമായി ഒപ്പിട്ട ധാരണാ പത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യാനങ്ങൾ നീർമിക്കാനായി ഒപ്പിട്ട ധാരണാ പത്രം മാത്രമാണ് റദ്ദാക്കിയത്. അമേരിക്കൻ കമ്പനിക്ക് മത്സ്യത്തൊഴിലാളികളെ പണയപ്പെടുത്തുകയാണ് സർക്കാർ. ഇതിന്‍റെ പിറകിൽ വൻ കോഴ ഉള്ളതുകൊണ്ടാണ് ധാരണാപത്രം റദ്ദാക്കാത്തത്. 4,34,000 വ്യാജ വോട്ടർമാരുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറയുന്ന കണക്കുകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

