Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാമായണവും പി.ജെ....

രാമായണവും പി.ജെ. കുര്യനും കരുണാകരന്‍റെ ചാണക്യതന്ത്രവും

text_fields
bookmark_border
രാമായണവും പി.ജെ. കുര്യനും കരുണാകരന്‍റെ ചാണക്യതന്ത്രവും
cancel
camera_alt

തമ്പാൻ തോമസ്

തെരഞ്ഞെടുപ്പ് മാപിനിയിൽ താപനില തിളച്ചുയരുമ്പോൾ നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി നാലുതവണ മത്സരിക്കുകയും ഒരിക്കൽ മാത്രം വിജയിക്കുകയും ചെയ്ത പ്രമുഖ സോഷ്യലിസ്റ്റും ട്രേഡ് യൂനിയൻ നേതാവുമായ അഡ്വ. തമ്പാൻ തോമസ് രാഷ്ട്രീയ അങ്കത്തട്ടിലെ ഒാർമകളിലാണ്. 1967ലും 1984ലും 1989ലും 1991ലുമാണ് തമ്പാൻ തോമസ് മത്സരിച്ചത്. ഇന്ദിര ഗാന്ധിയുടെ വധം ഇന്ത്യൻ രാഷ്ട്രീയത്തെ കീഴ്മേൽ മറിച്ച 84ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ നിന്നും വിജയിച്ചെങ്കിലും മുന്നണിയിലെ കാലുവാരലും രാമായണ വിവാദവും രാജീവ് ഗാന്ധി വധവും മറ്റ് മൂന്നു തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായെന്ന് അദ്ദേഹം പറയുന്നു.

സ്കൂൾ വിദ്യാർഥിയായിരിക്കെ 1957ൽ ജീപ്പ് അനൗൺസ്മെന്‍റിൽ തുടങ്ങിയതാണ് തമ്പാൻ തോമസിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം. 1965ൽ സ്ഥാനാർഥിയായി പരിഗണിച്ചെങ്കിലും 25 വയസാകാത്തതിനാൽ മത്സരിക്കാനായില്ല. 26-ാം വയസിൽ എറണാകുളം ജില്ലയിലെ പറവൂരിൽ നിന്നായിരുന്നു സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്.എസ്.പി) സ്ഥാനാർഥിയായി കന്നിയങ്കം. പാർട്ടിക്ക് കിട്ടിയ ഏക സീറ്റിൽ ഇടതുപക്ഷം, മുസ് ലിം ലീഗ്, കേരള കോൺഗ്രസ് അടക്കം പാർട്ടികളുള്ള സപ്തകക്ഷി മുന്നണിയുടെ പിന്തുണയോടെയാണ് മത്സരം. കെ.ടി. ജോർജ് (യു.ഡി.എഫ്), വര്‍ക്കി പൈനാടൻ (സ്വതന്ത്രൻ) എന്നിവരായിരുന്നു എതിരാളികൾ.

മുന്നണിയുടെ ഭാഗമായ സി.പി.എമ്മും മറ്റു ചിലരും കൂടി കോൺഗ്രസ് ഡി.സി.സി സെക്രട്ടറിയായിരുന്ന വർക്കി പൈനാടനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചു. ഇതേതുടർന്ന് മുന്നണി സ്ഥാനാർഥിയായ തമ്പാൻ തോമസിന് ലഭിക്കേണ്ട വോട്ട് ഭിന്നിക്കുകയും കെ.ടി. ജോർജ് വിജയിക്കുകയും ചെയ്തു. സ്വന്തം അണികളിലും മുന്നണിയിലും നിന്നുള്ള കാലുവാരൽ തോൽവിക്ക് വഴിവെച്ചതെന്ന് തമ്പാൻ തോമസ് പറയുന്നു. കെ.ടി. ജോര്‍ജിന് 17418, വർക്കി പൈനാടന് 13719, തമ്പാൻ തോമസിന് 13488 വോട്ടും ലഭിച്ചു. പിന്നീട് ജോർജ് ധനമന്ത്രിയായി. അന്ന് എസ്.എസ്.പിയുടെ 19 പേരും കെ. കരുണാകരന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലെ ഒമ്പതു പേരുമാണ് വിജയിച്ചത്. തുടർന്ന് 17 വർഷം തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായില്ലെങ്കിലും രാഷ്ട്രീയത്തിൽ സജീവമായിരുന്നു തമ്പാൻ തോമസ്.

ഇന്ദിര ഗാന്ധി വധത്തെ തുടർന്ന് ആരും മത്സരിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ജന്മദേശയമായ തിരുവല്ല പുല്ലാട് ഉൾപ്പെടുന്ന മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ 1984ൽ തമ്പാൻ തോമസ് ജനതാ പാർട്ടിയുടെ ഏക സീറ്റിൽ സ്ഥാനാർഥിയായി. നാലു ലക്ഷം വോട്ടിന് തോൽക്കുമെന്ന ഇടത് വിലയിരുത്തലിനിടെ യു.ഡി.എഫിന് മുൻതൂക്കമുള്ള മാവേലിക്കരയിൽ നിന്ന് 1287 വോട്ടിന് വിജയിച്ചു. എന്‍.എസ്.എസ് മുന്‍ പ്രസിഡന്‍റ് ടി.എന്‍. ഉപേന്ദ്രനാഥ കുറുപ്പായിരുന്നു സ്ഥാനാർഥി. തമ്പാന് 2,32,339 വോട്ടും കുറുപ്പിന് 2,31,052 വോട്ടും ലഭിച്ചു. എന്‍.എസ്.എസിലെ ഉപേന്ദ്രനാഥ കുറുപ്പിന്‍റെ എതിർ വിഭാഗം തന്നെ സഹായിച്ചെന്നും തമ്പാൻ തോമസ് പറയുന്നു. മാവേലിക്കര, കോട്ടയം (കെ. സുരേഷ് കുറുപ്പ്), വടകര (കെ.പി. ഉണ്ണികൃഷ്ണൻ) എന്നീ സീറ്റുകളിൽ മാത്രമാണ് ഇടത് വിജയിച്ചത്. തന്‍റെ വിജയത്തോടെ ലോക്സഭ മണ്ഡലത്തിലെ രസതന്ത്രം മാറിയെന്നും 1987ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് സീറ്റ് രണ്ടിൽ നിന്ന് ആറായെന്നും തുടർന്ന് ക്രൈസ്തവ മേഖലയിൽ വോട്ട് നിലനിർത്താന് സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

1989ലെ തെരഞ്ഞെടുപ്പിൽ തമ്പാൻ തോമസിന്‍റെ വിജയം ഉറപ്പെന്ന് പ്രചരിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർഥിയായെത്തിയ മഹാരാഷ്ട്ര മുൻ ഗവർണറും മാവേലിക്കര സ്വദേശിയുമായ ഡോ. പി.സി. അലക്സാണ്ടർ നാമനിർദേശപത്രിക സമർപ്പിക്കാതെ മടങ്ങിപ്പോയ സംഭവമുണ്ടായി. എന്നാൽ, കരുണാകരന്‍റെ ചാണക്യതന്ത്രവും ഭൂരിപക്ഷ സാമുദായമായ എൻ.എസ്.എസിന്‍റെയും മാർത്തോമ സഭയുടെയും വോട്ടുകൾ കൂടി ചേർന്നപ്പോൾ പി.ജെ. കുര്യനോട് പരാജയപ്പെട്ടു. മാവേലിക്കരയിൽ സ്ഥാനാർഥിയാകാൻ കുര്യൻ മുൻകൂട്ടി അടിത്തറ ഒരുക്കിയിരുന്നുവെന്ന് തമ്പാൻ തോമസ് ഒാർക്കുന്നു.

‘‘ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ‘രാമായണം’ സീരിയലിനെ കുറിച്ചുള്ള പാർലമെന്‍റിലെ ചർച്ചയിൽ പങ്കെടുത്ത് ഞാൻ സംസാരിച്ചിരുന്നു. സർക്കാർ ചാനൽ രാമായണം പ്രദർശിപ്പിക്കുന്നത് വർഗീയത വളരാൻ ഇടയാക്കുമെന്നും ഖുർആനും ബൈബിളും കൂടി ചർച്ച ചെയ്യണമെന്നു’മാണ് സഭയിൽ ആവശ്യപ്പെട്ടത്. ഈ സന്ദർഭത്തിൽ ഇടപെട്ട ഇടുക്കി എം.പി പി.ജെ. കുര്യൻ ‘രാമായണം നല്ലതല്ലേ‍യെന്നും കാണേണ്ടതല്ലേയെന്നും എതിർക്കുകയാണോ എന്നും’ ചോദിച്ചു. മതേതരത്വത്തിന് മൂന്നും ആവശ്യമാണെന്ന് മറുപടി നൽകി. പിറ്റേന്ന് ‘തമ്പാൻ തോമസ് രാമയണത്തെ എതിർക്കുന്നു, പി.ജെ. കുര്യൻ പിന്താങ്ങുന്നു’ എന്ന തലക്കെട്ടിൽ പ്രമുഖ പത്രം വാർത്ത പ്രസിദ്ധീകരിച്ചു. ‘രാമായണ’ വിവാദം ഫലപ്രദമായി നാലു ലക്ഷം വരുന്ന ഹിന്ദു മുന്നാക്ക വിഭാഗത്തിനിടയിൽ പ്രചരിപ്പിച്ചതോടെ ഞാൻ പരാജയപ്പെട്ടു. 87ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലായി ബി.ജെ.പി സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട് ലോക്സഭയിൽ മറിച്ചുനൽകി’’-തമ്പാൻ തോമസ് വിവരിക്കുന്നു.

1991ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറി കോട്ടയം സീറ്റിൽ തമ്പാൻ തോമസ് മത്സരിച്ചു. രമേശ് ചെന്നിത്തലയായിരുന്നു എതിർ സ്ഥാനാർഥി. തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടങ്ങളിൽ കരുണാകരൻ ചെന്നിത്തലയെ തള്ളിപ്പറഞ്ഞുവെന്നും ഇത് ഇടതിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചെങ്കിലും രാജീവ് ഗാന്ധിയുടെ വധം തെരഞ്ഞെടുപ്പിനെ മാറ്റിമറിച്ചതോടെ താൻ പരാജയപ്പെട്ടെന്നും തമ്പാൻ തോമസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala politicsmavelikkaralatest newsKerala Assembly Election 2026
News Summary - Ramayana, P.J. Kurien, and Karunakaran's Chanakya Tantra
Next Story