രാമനാട്ടുകര സ്വർണക്കടത്ത്: വസ്തുതകൾ പുറത്ത് വരട്ടെയെന്ന് സി.പി.ഐ
text_fieldsമലപ്പുറം: രാമനാട്ടുകര അപകടവും തുടർന്നുണ്ടായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലും വസ്തുതകൾ പുറത്ത് വരട്ടെയെന്ന് സി.പി.ഐ. മുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലാണ് പരാമർശം. അപകടം നടന്ന ദിവസം പിടിയിലായ കള്ളക്കടത്തുൾപ്പെടെയുള്ള സംഭവം കുറ്റാരോപിതരുടെയും അറസ്റ്റിലായവരുടെയും ബന്ധങ്ങൾ തേടിയുള്ള വിവാദ നിർമ്മിതിയായി മാത്രം മാറിയിരിക്കുകയാണെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെ രാഷ്ട്രീയമോ അല്ലാത്തതോ ആയ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവ പുറത്തുവരേണ്ടതു തന്നെയാണ്. പക്ഷേ ഈ സംഭവത്തിന്‍റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വൻകിട അധോലോക —മാഫിയാ ശക്തികളുടെ വേരറുക്കുവാൻ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ജനയുഗം എഡിറ്റോറിയൽ പറയുന്നു.
ഒരുവർഷം മുമ്പ് നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് നടന്നൊരു സ്വർണക്കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയപ്പോൾ സമാനമായ സ്ഥിതി തന്നെയാണ് ഉണ്ടായത്. തിരുവനന്തപുരം സ്വർണക്കള്ളക്കടത്തിൽ രാഷ്ട്രീയ നേട്ടവും എതിരാളികൾക്കെതിരായ അപഹാസ അവസരവും പ്രതിചേർക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചർച്ച ചെയ്യപ്പെട്ടപ്പോൾ കേസിലെ യഥാർത്ഥ കുറ്റവാളികൾ പുറത്തു തന്നെ നിൽക്കുകയാണെന്നും ജനയുഗം മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

