മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി
text_fieldsഗുരുവായൂര്‍: മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ഗുരുവായൂരിലെത്തിയത്. ഭാര്യ സവിത, മകള്‍ സ്വാതി എന്നിവര്‍ക്കൊപ്പം കൊച്ചിയില്‍നിന്ന് കാര്‍ മാര്‍ഗം 11.45ഓടെ ഗുരുവായൂരിലെത്തിയ അദ്ദേഹം കിഴക്കെ നടയിലെ സ്വകാര്യ ഹോട്ടലില്‍ വിശ്രമിച്ച ശേഷം 12.15ന് മമ്മിയൂര്‍ ക്ഷേത്രത്തിലെത്തി. 12.40നാണ് ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചുമര് ചിത്ര പഠന കേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ വരച്ച ഗുരുവായൂര്‍ കേശവന്റെ ചിത്രം ഉപഹാരമായി നല്കി. കാണിക്ക സമര്‍പ്പിച്ച് തൊഴുത രാംനാഥ് കോവിന്ദിന് ഓതിക്കന് പൊട്ടക്കുഴി ഭവന് നമ്പൂതിരി പ്രസാദം നല്കി. 20 മിനിറ്റോളം അദ്ദേഹം ക്ഷേത്രത്തില്‍ ചെലവഴിച്ചു. മുന്‍ രാഷ്ട്രപതിയുടെ ദര്‍ശനം കണക്കിലെടുത്ത് 12.20 മുതല്‍ 40 മിനിറ്റോളം മറ്റ് ഭക്തരെ പ്രവേശിപ്പിച്ചില്ല. ഈ സമയത്ത് തെക്കെ നടപന്തലിലേക്കും ദീപസ്തംഭത്തിന് സമീപത്തേക്കും ഭക്തരെ കടത്തി വിട്ടിരുന്നില്ല. കയര്‍ കെട്ടി തടയുകയായിരുന്നു.
പരിസരത്തുണ്ടായിരുന്ന ഭക്തരെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്ത ശേഷമാണ് രാംനാഥ് കോവിന്ദ് മതിലകത്തേക്ക് പ്രവേശിച്ചത്. എസ്.പി ഐശ്വര്യ ഡോങ്ഗ്രേ, എ.സി.പിമാരായ കെ.ജി. സുരേഷ്, ടി.എസ്. സിനോജ്, ടെമ്പിള്‍ എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കി.