കൊച്ചി: ജോസ് െക. മാണിയുടെ രാജിയെത്തുടർന്ന് ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ. നവംബർ 29ന് തെരഞ്ഞെടുപ്പ് നടത്താൻ നടപടികൾ ആരംഭിച്ചതായും കമീഷെൻറ അഭിഭാഷകൻ അറിയിച്ചു. 10 മാസം മുമ്പ് ഒഴിഞ്ഞ സീറ്റിൽ ഇതുവരെ തെരഞ്ഞെടുപ്പ് നടത്താത്തത് ചൂണ്ടിക്കാട്ടി എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽകുമാർ, ജോബ് മൈക്കിൾ എന്നിവർ നൽകിയ ഹരജിയിലാണ് കമീഷെൻറ വിശദീകരണം.
ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ഹരജി തള്ളി. 2021 ജനുവരി 11നാണ് ജോസ് കെ. മാണി രാജിെവച്ചത്. കോവിഡ് സാഹചര്യം നിലവിലിരിക്കെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെ നടത്തിയിട്ടും രാജ്യസഭയിലേക്കുള്ള ഒഴിവ് നികത്താൻ കമീഷൻ തീരുമാനമെടുത്തില്ലെന്നായിരുന്നു ആരോപണം.