രാജ്യറാണി എക്സ്പ്രസിലെ യാത്രക്കാരിൽ ഭൂരിഭാഗവും ആർ.സി.സി രോഗികൾ; ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ തന്നെ നിർത്തണം -ഇ.ടി
text_fieldsന്യൂഡൽഹി: നിലമ്പൂരിൽ നിന്നും പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ് കൊച്ചുവേളി സ്റ്റേഷനിൽ നിർത്തുന്നതിനു പകരം മുമ്പത്തെ പോലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ തന്നെ നിർത്താൻ നടപടി സ്വീകരിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ലോക്‌സഭയിൽ റെയിൽവേ മന്ത്രിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യറാണി എക്സ്പ്രസിൽ വരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ആർ.സി.സിയിലേക്കും ശ്രീചിത്രയിലേക്കുമെല്ലാം എത്തുന്ന രോഗികളാണ്. മാത്രമല്ല അവരുടെ കൂടെ കുഞ്ഞുകുട്ടികളും വൃദ്ധന്മാരുമടക്കം ഒട്ടനേകം യാത്രക്കാരുണ്ട്. ട്രെയിൻ കോച്ചുവേളിയിൽ നിർത്തിയിടുന്നത് മൂലം വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്നും ഇ.ടി പറഞ്ഞു.
എം.പി പറഞ്ഞ കാര്യം വളരെ ഗൗരവമേറിയതാണെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിന് വേഗത്തിൽ നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ മന്ത്രി മറുപടി നൽകി.
നിലമ്പൂർ - ഷൊർണ്ണൂർ റൂട്ടിലെ മെമു സർവീസ് വളരെ കാലമായി കാത്തിരിക്കുന്ന ഒരു കാര്യമാണെന്നും അതിന് വേണ്ട ഭൗതിക സൗകര്യങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്നും വൈദ്യൂതീകരണം അടക്കം കഴിഞ്ഞിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി.
റെയിൽവേ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് യാത്രക്കാരുടെ എണ്ണം സാമ്പത്തിക, സാങ്കേതിക സംവിധാനങ്ങളുടെ ലഭ്യത എന്നിവ മാത്രം അവലംബിക്കുന്നത് ശരിയല്ലെന്നും സാമൂഹ്യ ബാധ്യതയും കണക്കിലെടുക്കേണ്ടതുണ്ടെന്നും എം.പി. പറഞ്ഞു.
ടൂറിസവുമായി ബന്ധപ്പെട്ട റെയിൽവേ വികസനത്തിന് ഏറ്റവും മനോഹരമായ ഭൂപ്രദേശമാണ് നിലമ്പൂർ-ഷൊർണൂർ റെയിൽപാത എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

