മുരളീധരനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താൻ; പാലുകൊടുത്ത കൈയ്യിൽ കൊത്തിയെന്ന്
text_fieldsകൊല്ലം: കോൺഗ്രസിനെ പൊതുജന മധ്യത്തിൽ അവഹേളിക്കുന്ന കെ. മുരളീധരൻ സ്ഥിരം പ്രശ്നക്കാരനായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് കെ.പി.സി.സി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ. രാഷ്ട്രീയ എതിരാളികളുടെ കൈയ്യിൽ ആയുധം വച്ചുകൊടുക്കുന്ന അദ്ദേഹത്തിന്‍റെ വിമർശനങ്ങൾ കോൺഗ്രസുകാരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്നു. മൂന്നു പാർട്ടികളുടെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തെത്തിയ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തിയാണ് മുരളീധരൻ. അദ്ദേഹം പഴയ പാത സ്വീകരിക്കാനുള്ള പുറപ്പാടാണോയെന്നു സംശയമുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.
കേവലം അംഗത്വം മാത്രം മതി, പദവികളൊന്നും വേണ്ട എന്നു പറഞ്ഞാണ് അദ്ദേഹം കോൺഗ്രസിൽ മടങ്ങിയെത്തിയത്. തിരിച്ചെടുക്കരുതെന്ന് മുതിർന്ന നേതാക്കളടക്കം പലരും നിലപാട് സ്വീകരിച്ചപ്പോൾ വി.എം. സുധീരൻ മുരളിയെ ശക്തമായി പിന്തുണച്ചു. പാലുകൊടുത്ത കൈയ്യിൽ കൊത്തുന്ന ശൈലിയാണ് മുരളി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി.
കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് മറ്റു രാഷ്ട്രീയ കക്ഷികൾ പോലും സമ്മതിക്കുന്നുണ്ട്. കോൺഗ്രസ് പദവികൾ വേണ്ടെന്നു വെച്ച ഉമ്മൻചാണ്ടിയും തന്‍റെ ഉത്തരവാദിത്തം നിറവേറ്റാൻ ഓടിനടക്കുന്നു. ക്രിയാത്മകമായ പ്രതിപക്ഷമായി കോൺഗ്രസും യു.ഡി.എഫും മാറുമ്പോൾ അതിനൊപ്പം നിൽക്കാതെ എതിരാളികൾക്കു വേണ്ടി പ്രവർത്തിക്കുന്ന മുരളീധരനെതിരെ നടപടിയെടുക്കുന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
കെ. കരുണാകരന്‍റെ ചരമദിനാചരണത്തിന് പത്മജ വേണുഗോപാലും കുടുംബാംഗങ്ങളും തൃശൂരിൽ ഒത്തുചേർന്നു. മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് ജോലിയിലായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡൽഹിയിലായിരുന്ന എ.കെ. ആന്‍റണിയും ഓർമദിനത്തിൽ കേരളത്തിലെത്തി. എന്നാൽ, അച്ഛന്‍റെ സ്മരണദിനത്തിൽ മുരളീധരൻ ദൂബൈയിലേക്ക് പോയി. കരുണാകരന്‍റെ സ്മൃതികുടീരത്തിൽ എത്താൻ മുരളിക്ക് സമയം ലഭിച്ചില്ലെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
