രാജീവ് ചന്ദ്രശേഖർ തിരുത്തണം: കെ.യു.ഡബ്ല്യു.ജെ
text_fieldsരാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ സ്ഥാപനത്തിന്‍റെ പേര് ചോദിച്ച് ചോദ്യം വിലക്കിയ ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിന്‍റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധകരവുമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ. സ്ത്രീത്വത്തെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനൊപ്പം മാധ്യമങ്ങളോടുള്ള അസഹിഷ്ണുത വ്യക്തമാക്കുന്ന അധിക്ഷേപകരമായ പെരുമാറ്റവുമാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍റെ ഭാഗത്തുനിന്നുണ്ടായത്.
കൈരളി ടി.വി ലേഖികയാണെന്നറിഞ്ഞപ്പോൾ നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങൾ ഏതു ചാനലാ ? മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്. എന്നൊക്കെ കയർത്ത മുൻ കേന്ദ്രമന്ത്രി എല്ലാ മാധ്യമങ്ങൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുള്ള ജനാധിപത്യ സമൂഹത്തിലാണു ജീവിക്കുന്നതെന്ന സാമാന്യ മര്യാദ പോലും മറന്നാണു പെരുമാറിയത്. ഒരു മാധ്യമ സ്ഥാപന ഉടമ കൂടിയായ രാജീവ് ചന്ദ്രശേഖർ മാധ്യമസ്വാതന്ത്ര്യത്തെയാണു വെല്ലുവിളിച്ചിരിക്കുന്നത്. രാഷ്ട്രീയ വിമർശനങ്ങളെ രാഷ്ട്രീയമായി നേരിടുകയും മറുപടി നൽകുകയും ചെയ്യുന്നതിനു പകരം മാടമ്പി സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. തീർത്തും വിലകുറഞ്ഞ പെരുമാറ്റവും പരാമർശങ്ങളും തിരുത്തി ഖേദം പ്രകടിപ്പിക്കാൻ രാജീവ് ചന്ദ്രശേഖർ തയാറാവണമെന്ന് യൂണിയൻ പ്രസിഡന്‍റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

