രാജേഷ് വധം: മുഖ്യപ്രതി അലിഭായിയും കൂട്ടാളിയും അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: റേഡിയോ ജോക്കിയും മടവൂര്‍ സ്വദേശിയുമായ രാജേഷിനെ സ്റ്റുഡിയോയിൽെവച്ച് കൊന്ന കേസിലെ മുഖ്യപ്രതി അലിഭായിയും അറസ്റ്റിൽ. ഇയാൾക്കൊപ്പം കൊലയാളി സംഘത്തിലുണ്ടായിരുന്ന തൻസീറിെൻറ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ഖത്തറിൽനിന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഖത്തർ എയർവേസ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അലിഭായി എന്ന മുഹമ്മദ് സാലിഹിനെ (26) ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറിെൻറ നേതൃത്വത്തിലെ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ഒാഫിസിൽ നടന്ന ചോദ്യം ചെയ്യലിൽ സാലിഹ് കുറ്റസമ്മതം നടത്തി. സുഹൃത്ത് അബ്ദുൽ സത്താറിനുവേണ്ടിയാണ് കൊലപാതകം നടത്തിയത്. സത്താറിെൻറ കുടുംബജീവിതം തകർത്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ് ഇയാളുടെ മൊഴി. രാജേഷിെൻറ സുഹൃത്തായിരുന്ന ഖത്തറിലെ നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവാണ് സത്താർ.
അലിഭായി ചൊവ്വാഴ്ച കേരളത്തിലെത്തുമെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. കുറ്റം സമ്മതിച്ച സാഹചര്യത്തിൽ കൊലക്കുശേഷം ആയുധങ്ങൾ ഉപേക്ഷിെച്ചന്നും തങ്ങിയെന്നും പ്രതികൾ മൊഴി നൽകിയ ഒാച്ചിറ, കരുനാഗപ്പള്ളി, കൊലപാതകം നടന്ന മടവൂർ എന്നിവിടങ്ങളിൽ അലിഭായിയെയും കൂട്ടുപ്രതി കരുഗാഗപ്പള്ളി കുലശേഖരം കൊച്ചയ്യത്ത് തെക്കതിൽ തൻസീറിനെയും (24) കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതികൾക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനവുമുണ്ടായി. നാലംഗസംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഖത്തറിൽനിന്നെത്തിയ സാലിഹ് മുമ്പ് പരിചയമുണ്ടായിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തൻസീറിനെയും കൊലക്കേസ് പ്രതി കൂടിയായ അപ്പുണ്ണിയെയും സ്ഫടികം സ്വാതിയെയും കൂട്ടുപിടിച്ചാണ് കൊല നടത്തിയത്. തുടർന്ന് ബംഗളൂരുവിലും അവിടെനിന്ന് ഡൽഹിയിലുമെത്തി നേപ്പാൾ വഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു.
ഇനി അപ്പുണ്ണിയും സത്താറും അറസ്റ്റിലാകാനുണ്ട്. മാവേലിക്കരയിൽ പ്രദീപ് എന്നയാളെ കൊന്ന കേസിലെ പ്രതിയാണ് അപ്പുണ്ണി. തമിഴ്നാട്ടിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്. സത്താറിനെ നാട്ടിലെത്തിക്കാൻ നിയമപരമായി തടസ്സങ്ങളുണ്ട്. നാലരലക്ഷം റിയാലിെൻറ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സത്താറിന് ഖത്തറിൽ യാത്രാനിരോധനമുണ്ട്. ആ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഖത്തറിൽപോയി ഇയാളെ ചോദ്യം ചെയ്യാനും നാട്ടിലേക്ക് കൊണ്ടുവരാനുമാണ് ഉദ്ദേശിക്കുന്നത്. കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊലയാളികൾക്ക് സഹായം നൽകിയ സ്ഫടികം സ്വാതി, യാസിൻ, സനു എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് സാലിഹിനെയും തൻസീറിനെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. അതിനിടെ വിദേശത്തുള്ള നൃത്താധ്യാപികയെ മുഖ്യസാക്ഷിയാക്കുമെന്നും അറിയുന്നു.
ക്വേട്ടഷനല്ല, സത്താറിനോടുള്ള നന്ദികൊണ്ടുള്ള കൊലയെന്ന് അലിഭായി
തിരുവനന്തപുരം: ക്വട്ടേഷനായിട്ടല്ല, ജോലി നല്‍കിയ സത്താറിനോടുള്ള നന്ദിയെന്ന നിലയിലാണ് കൃത്യം നിർവഹിച്ചതെന്ന് മുൻ റേഡിയോ ജോക്കി രാേജഷിെൻറ കൊലപാതകത്തിലെ മുഖ്യപ്രതി അലിഭായി എന്ന മുഹമ്മദ് സാലിഹ് മൊഴി നൽകി. സത്താറിെൻറ മുൻ ഭാര്യയായ ഖത്തറിലെ നൃത്താധ്യാപികയില്‍ നിന്നടക്കം രാജേഷ് പലപ്പോഴും പണം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും സത്താറിെൻറ കുടുംബജീവിതം തകര്‍ത്തതുമായി ബന്ധപ്പെട്ടുമുള്ള കാര്യങ്ങളാണ് കൊലയിലേക്ക് വഴിെവച്ചത്.
കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും സത്താറിന് അറിയാം. കൃത്യം നടത്താനായി നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന് പണം നല്‍കിയത് സത്താറാണ്. സുഹൃത്ത് അപ്പുണ്ണിയുടെ സഹായത്തോടെയാണ് മറ്റ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്.
രാജേഷിനെ പുറത്തുകൊണ്ടുപോയി കൊല്ലാനായിരുന്നു തീരുമാനം. എന്നാല്‍, പിറ്റേ ദിവസം രാജേഷ് ചെന്നൈയിലേക്ക് പോകുെന്നന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് അന്നുതന്നെ സ്റ്റുഡിയോയിൽെവച്ച് വകവരുത്താന്‍ തീരുമാനിച്ചത്. കൊലക്കുപയോഗിച്ച ആയുധം കൊല്ലത്ത് ഉപേക്ഷിച്ചതായാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ, ഇത് കണ്ടെടുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. വരുംദിവസങ്ങളില്‍ പൊലീസ് ഇതിനായി കൂടുതല്‍ പരിശോധന നടത്തും.
കൃത്യത്തില്‍ അലിഭായിക്കുള്ള പങ്ക് തിരിച്ചറിഞ്ഞ പൊലീസ് ഖത്തറിലെ മലയാളി സംഘടനകളും ഇൻറര്‍പോളും വഴി നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇയാളെ കേരളത്തിലെത്തിക്കാന്‍ സാധിച്ചത്. ഖത്തറില്‍ ഒളിവിലായിരുന്ന ഓച്ചിറ മേമന പനച്ചമൂട് സ്‌കൈലാബ് ജങ്ഷനില്‍ മുഹമ്മദ് സാലിഹിനെ ഖത്തര്‍ പൊലീസ് പിടികൂടി കയറ്റി അയക്കുകയായിരുെന്നന്നാണ് വിവരം. സാലിഹിെൻറ സ്േപാൺസർക്കുമേൽ കേരള പൊലീസ് ചുമത്തിയ സമ്മർദത്തെ തുടർന്ന് വിസ റദ്ദാക്കി കയറ്റി അയക്കുകയായിരുെന്നന്നും പറയപ്പെടുന്നു. ഒരു രീതിയിലും രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ അലിഭായി കീഴടങ്ങുകയായിരുന്നു.
പ്രതികൾക്കുനേരെ രോഷപ്രകടനവുമായി ജനക്കൂട്ടം
കിളിമാനൂർ/കരുനാഗപ്പള്ളി: മുൻ റേഡിയോ ജോക്കി മടവൂർ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ജനക്കൂട്ടത്തിെൻറ രോഷപ്രകടനം. മുഖ്യപ്രതികളായ ഓച്ചിറ മേമന പനച്ചമൂട്ടിൽ അലിഭായി എന്ന മുഹമ്മദ് സാലിക് (26), കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയ്യത്ത് തെക്കതിൽ തൻസീർ (24) എന്നിവരെ ചൊവ്വാഴ്ച വൈകീട്ട് 6.30ഒാടെ മടവൂരിൽ എത്തിച്ചപ്പോഴാണ് ജനം രോഷാകുലരായത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത അലിഭായിയെയും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത തൻസീറിനെയും ആദ്യം കരുനാഗപ്പള്ളിയിലും തുടർന്ന് പ്രതികൾ വാൾ ഉപേക്ഷിച്ച ഓച്ചിറ കന്നേറ്റി കായൽക്കരയിലും എത്തിച്ച് തെളിവെടുത്തു. കൊലപാതകം നടത്തിയശേഷം വടിവാളും രക്തംപുരണ്ട വസ്ത്രവും പ്ലാസ്റ്റിക് കവറിലാക്കി കന്നേറ്റി പാലത്തിൽനിന്ന് പള്ളിക്കലാറ്റിലേക്ക് വലിച്ചെറിഞ്ഞതായി പ്രതികൾ മൊഴി നൽകിയിരുന്നു.
തുടർന്നാണ് ഇവിടെയെത്തിച്ച് തെളിവെടുത്തത്. മുഖം കറുത്ത തുണികൊണ്ട് മറച്ച് എത്തിച്ച സാലിഹ് പാലത്തിന് മുകളിൽനിന്ന് കവർ വലിച്ചെറിഞ്ഞതെങ്ങനെയെന്ന് പൊലീസിന് കാണിച്ചുെകാടുത്തു. തുടർന്ന് പൊലീസും നീന്തൽ വിദഗ്ധരും ചേർന്ന് മണിക്കൂറുകളോളം കന്നേറ്റി കായലിൽ തെരച്ചിൽ നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. മത്സ്യത്തൊഴിലാളികളുടെകൂടി സഹായത്തോടെ അടുത്തദിവസം കൂടുതൽ പരിശോധന നടത്തും. പ്രതികളെ പിന്നീട് കൂടുതൽ തെളിവെടുപ്പിനായി ഓച്ചിറയിലേക്ക് കൊണ്ടുപോയി. തുടർന്നാണ് മടവൂരിലെത്തിച്ചത്. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശത്ത് വൻ ജനാവലി തടിച്ചുകൂടി. പ്രതികളെ പൊലീസ് ജീപ്പിൽനിന്ന് പുറത്തിറക്കിയതോടെ ജനക്കൂട്ടം വാഹനത്തിനടുത്തേക്ക് പാഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. തുടർന്ന്, 15 മിനിറ്റുകൾക്കകം നടപടി പൂർത്തിയാക്കി പ്രതികളെ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയി. പ്രതികളെ മുഖം മറച്ചാണ് സ്ഥലത്തെത്തിച്ചത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാർ, കരുനാഗപ്പള്ളി എ.സി.പി എസ്. ശിവപ്രസാദ്, ആറ്റിങ്ങൽ സി.ഐ എം. അനിൽകുമാർ, കിളിമാനൂർ സി.ഐ പ്രദീപ്കുമാർ, വർക്കല എസ്.ഐ രമേഷ്, ചവറ സി.ഐ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
