കേരളത്തിൽ ശിശുമരണനിരക്ക് കുറയാൻ കാരണം യുവാക്കൾ വിദേശത്ത് പോകുന്നതുകൊണ്ട് -രാജീവ് ചന്ദ്രശേഖർ
text_fieldsരാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: യുവാക്കൾ വൻതോതിൽ വിദേശത്തേക്ക് പോകുന്നതുകൊണ്ടാണ് കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണമെന്ന വിചിത്ര വാദവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മനോരമ ഇയർബുക് സംഘടിപ്പിച്ച കേരളാ ഡെവലപ്മെന്റ് സമ്മിറ്റ് 2026ൽ സംസാരിക്കവെയാണ് സംസ്ഥാന അധ്യക്ഷന്റെ ഈ പുതിയ വിചിത്രവാദം.
'ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്‌കാസ്റ്റിൽ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തിൽ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്. നല്ലതാണ്, പക്ഷേ അതിന്റെ വസ്തുത നമ്മൾ മനസ്സിലാക്കിയിട്ടുണ്ടോ? ഏറ്റവും കൂടുതൽ യൂത്ത് മൈഗ്രേഷൻ കേരളത്തിലാണ്. യൂത്ത് അല്ലേ കുട്ടികളെ ഉണ്ടാക്കുന്നത്. യൂത്ത് ഇവിടുന്ന് മൈഗ്രേറ്റ് ചെയ്യുകയാണെങ്കിൽ ശിശുമരണനിരക്ക് സ്വാഭാവികമായും കുറയില്ല?' എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
രാജീവ് ചന്ദ്രശേഖറിന്റെ ഈ വാദത്തിൽ വിമർശനവുമായി നിരവധിപേർ രംഗത്തെത്തി. 'ശിശുമരണ നിരക്ക് കുറയുന്നതിനുള്ള കാരണം യുവാക്കൾ വിദേശത്തേക്ക് പോകുന്നതാണെന്ന ഒരു വിദ്വാന്റെ വാദം നേട്ടങ്ങളെ അംഗീകരിക്കാനുള്ള മടിമാത്രമാണ്. വളരെ വിദ്യാഭ്യാസമുള്ള മുൻ കേന്ദ്രമന്ത്രിയാണ് ഇങ്ങനെ പറഞ്ഞത്. നേട്ടം നേട്ടമായി അംഗീകരിക്കാനുള്ള മടിയാണ് അദ്ദേഹത്തിന്' എന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
'ഇന്ത്യയിലേറ്റവും കൂടുതൽ യുവാക്കൾ മൈഗ്രേറ്റ് ചെയ്യുന്നത് ഏറ്റവും കൂടുതൽ ശിശുമരണനിരക്കുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. മേൽപ്പറഞ്ഞ നിർവചനവും ആശയവും അയാൾക്ക് മനസ്സിലാക്കാനും ഓർത്ത് വെക്കാനും കെൽപ്പുണ്ടെങ്കിൽ, അയാൾ ബി.ജെ.പിയുടെ സംസ്‌ഥാന പ്രസിഡൻ്റ് ആയിട്ടിരിക്കും എന്ന് നിങ്ങൾ കരുതുന്നുവോ നിഷ്‌കളങ്കരേ? അതോ കുറേപ്പേരെയെങ്കിലും വിശ്വസിപ്പിക്കുന്ന കോൺഫിഡൻസിൽ നുണകൾ എയറിലേക്ക് തള്ളി കേരളത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള സ്ഥിരം തന്ത്രമോ...!' എന്ന് ചോദിക്കുകയാണ് ബിഹാറിൽ ജോലി ചെയ്യുന്ന മലയാളി ഡോക്ടർ ഷിംന അസീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

