Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എന്‍എസ്എസ് ജനറല്‍...

‘എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി’ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമെന്ന് രാജീവ് ചന്ദ്രശേഖര്‍

text_fields
bookmark_border
‘എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി’ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമെന്ന് രാജീവ് ചന്ദ്രശേഖര്‍
cancel

തിരുവനന്തപുരം: ‘എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി’ എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വിമ‌ർശിച്ചത് വിവാദമായതിന് പിന്നാലെയാണ് വിശദീകരണം.

‘എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല. ഹിന്ദു സമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയില്‍ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലേക്കെത്തിയ എനിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കിയയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. ഏറെ വ്യക്തിപരമായ അടുപ്പവും അദ്ദേഹവുമായി എനിക്കുണ്ട്. ലക്ഷക്കണക്കിന് വരുന്ന നായര്‍ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നായര്‍ സർവിസ് സൊസൈറ്റിയേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറല്‍ സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂ’ -രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്നലെ ന്യൂഡൽഹിയിൽ എൻ.എസ്.എസ് ഡൽഹി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നി‌ർമ്മിച്ച മന്നം സ്‌മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ വിമ‌ർശിച്ചത്. 'നിങ്ങളാണ് എല്ലാമെന്ന് വിചാരിക്കരുത്. നിങ്ങൾ ഇപ്പോൾ എല്ലാമായിരിക്കുന്നത് മന്നത്ത് പത്മനാഭന്റെ സംഭാവനകൾ കാരണമാണ്.. അദ്ദേഹത്തിന്റെ പാരമ്പര്യം തുടർന്നു കൊണ്ടു പോകുന്ന ഉപകരണം മാത്രമാണ് നമ്മൾ. ഞാൻ പ്രസിഡന്റാണ്, ജനറൽ സെക്രട്ടറിയാണെന്ന് പറഞ്ഞ്, മന്നം സമാധിയിലേക്ക് ഇന്നയാൾ വരരുതെന്ന് നിലപാടെടുക്കാനാകില്ല. മഹത്തായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് വലിയ സാമ്പത്തിക ശേഷി കൊണ്ടല്ല, പ്രതിബദ്ധത കൊണ്ടാണെന്ന് മന്നത്ത് പത്മനാഭൻ വിശ്വസിച്ചിരുന്നു’- ഉദ്ഘാടന പ്രസംഗത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു.

പെരുന്ന ശുദ്ധീകരിക്കപ്പെടുമെന്ന് ചടങ്ങിനു ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കും. അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടും. തെരഞ്ഞെടുപ്പിന് ശേഷം വലിയ ശുദ്ധി നടന്നു. പെരുന്നയ്‌ക്ക് ബദൽ കണ്ടെത്തണം. ഡൽഹിയിലെ മണ്ഡപം ബദലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണന് പെരുന്ന മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുമതി നൽകിയിരുന്നില്ല. 2015ൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ കാണാൻ സുകുമാരൻ നായർ വിസമ്മതിച്ചിരുന്നു.

അതിനി​​ടെ, മുൻ പശ്ചിമബംഗാൾ ഗവർണർ ആനന്ദബോസിന്റെ നിർദ്ദേശപ്രകാരമാണ് ഡൽഹിയിൽ സ്‌മൃതി മണ്ഡപം നിർമിച്ചത്. ഗവർണറായി ചുമതലേൽക്കുന്നതിനു മുൻപ് പെരുന്ന സന്ദർശിച്ചപ്പോൾ മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുമതി കിട്ടിയില്ലെന്ന് ഡോ.സി.വി. ആനന്ദബോസ് പറഞ്ഞിരുന്നു. ഡൽഹിയിൽ മന്നം സ്‌മൃതി മണ്ഡപം നിർമ്മിക്കണമെന്ന് താത്പര്യപ്പെട്ട അദ്ദേഹമാണ് ശിലാസ്ഥാപനവും നിർവഹിച്ചത്. ആരോഗ്യനില മോശമായതിനാൽ ഇന്നലെ ചടങ്ങിനെത്താൻ ആനന്ദബോസിനായില്ല.

ദ്വാരക സെക്‌ടർ 11 ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയയിലെ മന്നം ഇന്റർനാഷണൽ സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എൻ.എസ്.എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി പിള്ള, ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, വൈസ് പ്രസിഡന്റുമാരായ ബാബു പണിക്കർ, എസ്.പി.നായർ, എം.ജി.രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

അതിനി​ടെ, ശബരിമല ക്ഷേത്രത്തിലെ താന്ത്രിക ചുമതല ആര്‍ക്ക് നല്‍കണമെന്നത് ഒരു രാഷ്ട്രീയ വിഷയമല്ലെന്നും ബിജെപിക്ക് അക്കാര്യത്തില്‍ അഭിപ്രായം പറയുന്നതിന് പരിമിതികളുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ബിജെപിയുമായി ബന്ധപ്പെട്ട ആരെങ്കിലും പരസ്യ പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ശബരിമലയില്‍ ഭരണപരമായ ചുമതലകളില്ലാത്ത തന്ത്രി ജയിലിലും എല്ലാം നിയന്ത്രിച്ച മന്ത്രിമാര്‍ പുറത്തും എന്നതാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിലെ നിലവിലെ അവസ്ഥ. അഴിമതിക്കാരായ എല്‍ഡിഎഫ് രാഷ്ട്രീയനേതൃത്വത്തിന് സംരക്ഷണം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളെ വിശ്വാസി സമൂഹവുമായി ചേര്‍ന്ന് ജനാധിപത്യ രീതിയില്‍ ചെറുത്തു തോല്‍പ്പിക്കും. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ എക്കാലവും വിശ്വാസികള്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നിട്ടുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSsukumaran nairRajeev Chandrasekhar
News Summary - Rajeev Chandrasekhar says news about NSS General Secretary G. Sukumaran Nair is false
Next Story