കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് ചില പ്രശ്നങ്ങളുണ്ട്, അതിന് ഡോക്ടറെ കാണിക്കണം; വിവാദങ്ങൾക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
text_fieldsരാജീവ് ചന്ദ്രശേഖർ
ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവേളയിലെ പരിഹാസങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ കേരളത്തിലും വികസനനേട്ടമുണ്ടാകാൻ പോവുകയാണ്. സി.പി.എമ്മിന് ഉറക്കം നഷ്ടപ്പെടാൻ പോവുകയാണ്. അതാണ് ട്രോളുകളിലൂടെ അവർ നിറയ്ക്കുന്നത്. കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് അത് മനസിലാകണമെന്നില്ല. അദ്ദേഹത്തിന് ചില പ്രശ്നങ്ങളുണ്ട്. അതിന് ഡോക്ടറെ കണ്ട് ചികിത്സിക്കുകയാണ് വേണ്ടതെന്നും തന്നെ ഇങ്ങനെ ട്രോളിയിട്ട് കാര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
''വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം കേരളം ആഘോഷിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് ഒരു സങ്കടം. ഞാൻ നേരത്തേ വന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നം. പ്രവർത്തകർ നേരത്തേ വന്നതിനാലാണ് അവർക്കൊപ്പം സംസ്ഥാന പ്രസിഡന്റായ ഞാനും നേരത്തേയെത്തിയത്. മറ്റുള്ളവർ വി.ഐ.പി ലോഞ്ചിലേക്ക് പോയപ്പോൾ എനിക്ക് വേദിയിലിരുന്ന് പ്രവർത്തകരോട് സംസാരിക്കണമെന്ന് പറയുകയായിരുന്നു. ഇന്ത്യയിലെ പ്രധാന പ്രോജക്ട് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ പ്രവർത്തകർ ഭാരത് മാതാ കീ ജയ് വിളിച്ചു. അപ്പോൾ ഞാനും അതേറ്റ് വിളിക്കുകയായിരുന്നു. ഇതൊക്കെ കാണുമ്പോൾ, കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് വല്ലാത്തൊരു സൂക്കേട്. അദ്ദേഹത്തിന്റെ സങ്കടം പരിഹരിക്കാൻ ഞാൻ ഡോക്ടറോ സൈക്കോളജിസ്റ്റോ അല്ല. അതിന് മരുന്ന് വേണേൽ ഡോക്ടറെ പോയി കാണട്ടെ. ബി.ജെ.പി ഓരോ പദ്ധതിയും പൂർത്തിയാക്കുമ്പോൾ ഇങ്ങനെ സങ്കടപ്പെടാൻ പോയാൽ അതിനേ സമയമുണ്ടാവുകയുള്ളൂ. ഇന്നലെ രാത്രി മുഴുവൻ സി.പി.എമ്മുകാർ ട്രോളുകയായിരുന്നു. എത്ര വേണമെങ്കിലും ട്രോളിക്കോളൂ. ബി.ജെ.പി നയിക്കുന്ന ഈ ട്രെയിൻ വികസന യാത്ര തുടങ്ങിക്കഴിഞ്ഞു. വികസിത കേരളമാണ് ഞങ്ങളുടെ ലക്ഷ്യം. അവിടെയെത്തുന്നത് വരെ ഈ ട്രെയിൻ നിൽക്കില്ല. അതിൽ ഇടതുപക്ഷത്തിന് കയറണമെങ്കിൽ കയറാം. മരുമകനും വേണമെങ്കിൽ കയറാം.''-രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ വേദിയിൽ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ പരിഹാസവുമായി ആദ്യം രംഗത്തുവന്നത് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആയിരുന്നു. മുതിർന്ന മന്ത്രിമാർക്ക് പോലും വേദിയിൽ ഇടംനൽകാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനെ വേദിയിൽ ഇരുത്തിയ കേന്ദ്രസർക്കാറിന്റെ തീരുമാനത്തിനെതിരെയാണ് മന്ത്രി റിയാസ് രംഗത്തു വന്നത്.
മന്ത്രി റിയാസിന് പിന്നാലെ വി.ടി. ബൽറാമടക്കമുള്ളവരടക്കം വേദിയിൽ നേരത്തേയെത്തി മുദ്രാവാക്യം വിളിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെ ഫേസ്ബുക്കിലടക്കം പോസ്റ്റിട്ട് വിമർശനം ഉന്നയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

