'മുഖ്യമന്ത്രിയുടെ കൈയിൽ എന്റെ നമ്പറുണ്ട്, അയ്യപ്പ ഭക്തരെ സംരക്ഷിക്കാനാകില്ലെങ്കിൽ എന്നെ വിളിക്കാം, ഞാൻ മോദിജിയോട് സംസാരിക്കാം'; രാജീവ് ചന്ദ്രശേഖർ
text_fieldsതിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തരെ സംരക്ഷിക്കാനാകുന്നില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം. അയ്യപ്പ ഭക്തരെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ അക്കാര്യം എന്നെ അറിയിച്ചാൽ ഞാൻ പ്രധാനമന്ത്രിയുമായി സംസാരിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
'മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശം എന്റെ ഫോൺ നമ്പർ ഉണ്ട്. കേരളത്തിലെ ഹിന്ദു വിശ്വാസികളെയും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വരുന്ന ഭക്തരെയും സംരക്ഷിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കിൽ അക്കാര്യം എന്നെ അറിയിക്കാവുന്നതാണ്. ഞാൻ അത് പ്രധാനമന്ത്രി മോദിജിയുമായി സംസാരിക്കാം'-എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, തനിക്ക് മലയാളം അറിയില്ലെന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാവ് കെ.മുരളീധരനും രാജീവ് ചന്ദ്രശേഖർ മറുപടി പറഞ്ഞു. മലയാളമറിയില്ലെന്ന് തന്നെ പരിഹസിക്കുന്ന കെ. മുരളീധരൻ, ഇന്ത്യന്‍ ഭാഷകളറിയാത്ത സോണിയ ഗാന്ധിയെ നേതാവാക്കി വെച്ചതും മലയാളമറിയാത്ത രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും വയനാട്ടിലെ ജനങ്ങളുടെ മേല്‍ കെട്ടിവെച്ചതും കോണ്‍ഗ്രസാണെന്ന കാര്യം ഓർക്കണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശാസ്തമംഗലം വാർഡിലെ എൻ.ഡി.എ സ്ഥാനാർഥി ആര്‍. ശ്രീലേഖയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയില്ല, ഇംഗ്ലീഷ് പറഞ്ഞാണ് ബി.ജെ.പിയെ നയിക്കുന്നത് എന്നൊക്കെ മുരളീധരൻ ആശങ്കപ്പെടുന്നത് സമ്മതിക്കാം. എന്നാൽ അതൊരിക്കലും തിരുവനന്തപുരം നഗരവാസികളുടെ പ്രശ്‌നമല്ല. എന്റെ ഭാഷയോ എന്റെ കുര്‍ത്തയോ എന്റെ ഭക്ഷണമോ ജനങ്ങളുടെ പ്രശ്‌നമല്ല. അവരുടെ പ്രശ്‌നം ഇവിടത്തെ മാലിന്യനീക്കം നിലച്ചതും അഴിമതിയും ആരോഗ്യ സംവിധാനങ്ങളിലെ പരാജയവുമാണ്. മാറിമാറി ഭരിച്ച ഇടതു, വലതു മുന്നണികളും കോണ്‍ഗ്രസും സി.പി.എമ്മുമൊക്കെയാണ് അതിന് സമാധാനം പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

