‘നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അനാവശ്യം’; ഏഴുമാസത്തില്‍ ഒരു എം.എല്‍.എ എന്തുചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ
text_fieldsരാജീവ് ചന്ദ്രശേഖർ
മലപ്പുറം: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് അനാവശ്യമായ ഒന്നാണെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ഈഗോ കാണിക്കാനാണ് എല്‍.ഡി.എഫും യു.ഡി.എഫും ശ്രമിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇന്ന് നടക്കുന്ന എന്‍.ഡി.എ മീറ്റിങ്ങില്‍ തീരുമാനിക്കും. നിലവില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശ്രദ്ധിക്കാനാണ് തീരുമാനമെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
“ജനാധിപത്യപരമായി മുന്നോട്ടുപോകുന്ന ഒരു പാര്‍ട്ടിയാണ് ബി.ജെ.പി. ഞങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഒന്നും ഇല്ലല്ലോ. എല്‍.ഡി.എഫിനെയോ യു.ഡി.എഫിനെയോ പോലെയല്ല, ഞങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിലമ്പൂരില്‍ ഞങ്ങള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥിയോ, എന്‍.ഡി.എ സ്ഥാനാര്‍ഥിയോ, സ്വതന്ത്ര സ്ഥാനാര്‍ഥിയോ ഉണ്ടാകാം. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ഏഴുമാസത്തേക്ക് വേണ്ടിമാത്രം ഒരു എം.എല്‍.എയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഒരു തെരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നത്. അത് അനാവശ്യമായി നടക്കുന്ന ഒരു തെരഞ്ഞെടുപ്പാണെന്ന് മത്സരിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥികള്‍ക്കും പിന്നിലുള്ള പാര്‍ട്ടികള്‍ക്കും അറിയാം. ഏഴുമാസത്തില്‍ ഒരു എം.എല്‍.എ എന്തുചെയ്യാനാണ്? ഒന്നും ചെയ്യാനാവില്ല, അതും എല്ലാവര്‍ക്കും അറിയാം. ഏഴുമാസം കഴിഞ്ഞാല്‍ ശരിക്കുള്ള തെരഞ്ഞെടുപ്പ് വരും. അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം” -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിലമ്പൂരില്‍ ബി.ജെ.പി ഇതുവരെ വിജയിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ ഭൂരിഭാഗമുള്ള ഒരു മണ്ഡലമാണ് അത്. ബി.ജെ.പി അവിടെ മത്സരിച്ചാല്‍തന്നെ അതിന്റെ വിജയസാധ്യത എത്രത്തോളം എന്നുപറയാന്‍ ഞാന്‍ ആളല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എൻ.ഡി.എ അവിടെ നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വെറുതെ മത്സരിക്കാന്‍ വേണ്ടിയല്ല ബി.ജെ.പി തിരഞ്ഞെടുപ്പില്‍ ഇറങ്ങുന്നത്, ജയിക്കാന്‍വേണ്ടി തന്നെയാണ്. വിജയിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ മത്സരിക്കുക എന്നതാണ് ബി.ജെ.പിയുടെ നയമെന്നും രാജീവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

