നിലമ്പൂരിൽ ബി.ജെ.പിയെ ജയിപ്പിച്ചാൽ ഏഴുമാസത്തിനുള്ളിൽ മൂന്ന് സുപ്രധാന പദ്ധതികൾ യഥാർഥ്യമാകും -രാജീവ് ചന്ദ്രശേഖർ
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജയിപ്പിച്ചാൽ മറ്റുള്ള പാർട്ടികൾക്ക് 60 വർഷംകൊണ്ട് ചെയ്യാൻ കഴിയാത്തത് ഏഴു മാസംകൊണ്ട് മണ്ഡലത്തിൽ നടപ്പിലാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയുടെ നിർമാണം ആരംഭിക്കും. നിലമ്പൂർ ജില്ല ആശുപത്രി കാൻസർ സ്പെഷ്യാലിറ്റി സെന്ററാക്കി ഉയർത്തും. കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ ഹൈവേ നാലുവരിപാതയാക്കി വികസിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വികസിത നിലമ്പൂർ യാഥാർത്ഥ്യമാക്കാൻ മോഹൻ ജോർജിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും നൽകുന്ന പോലെയുള്ള പൊള്ളയായ വാഗ്ദാനങ്ങളല്ല ബി.ജെ.പി നൽകുന്നത്, 11 വർഷത്തെ പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിലൂടെ തെളിയിക്കപ്പെട്ടതാണ് അതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതേസമയം, തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ കടുത്ത മഴയിലും മണ്ഡലത്തിൽ സജീവ പ്രചാരണത്തിലാണ് സ്ഥാനാർഥികൾ. സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ യൂസഫ് പത്താൻ നിലമ്പൂരിലെത്തി. മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ സന്ദർശിച്ച പത്താൻ നഗരത്തിൽ അൻവറിന്റെ പ്രചാരണ റാലിയിലും പങ്കാളിയായി.
യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വേണ്ടി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെത്തിയിട്ടുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വാരജും മണ്ഡലത്തിൽ പൊടിപാറിച്ച പ്രചാരണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

