‘നിലമ്പൂരിൽ ഭൂരിഭാഗവും ന്യൂനപക്ഷം, ബി.ജെ.പി മത്സരിച്ചാല്‍തന്നെ വിജയസാധ്യത പറയാന്‍ ഞാന്‍ ആളല്ല’ -രാജീവ് ചന്ദ്രശേഖർ; ബി.ഡി.ജെ.എസ് മത്സരിക്കട്ടെയെന്ന നിലപാടിൽ ബി.ജെ.പി
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടും എൽ.ഡി.എഫ് സ്ഥാനാർഥി നിർണയത്തിലേക്ക് കടന്നിട്ടും നിലമ്പൂരിൽ മത്സരിക്കണോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കാനാകാതെ എൻ.ഡി.എ. ഏഴുമാസത്തേക്ക് എം.എൽ.എയെ തെരഞ്ഞെടുക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ ആദ്യമേ വ്യക്തമാക്കിയത്.
പിന്നീട്, ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ മത്സര കാര്യത്തിൽ തീരുമാനമായില്ല. ഇതോടെ, എൻ.ഡി.എയിൽ കൂടിയാലോചിക്കാമെന്നായി. അതിനിടെ, ബി.ഡി.ജെ.എസ് മത്സരിക്കട്ടെയെന്ന് ബി.ജെ.പി നേതൃനിരയിലെ ചിലർ നിർദേശിച്ചെങ്കിലും താൽപര്യമില്ലെന്ന സൂചന അവർ നൽകി. വീണ്ടും ചേർന്ന യോഗത്തിലും ഇതേ ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും എൻ.ഡി.എ കേന്ദ്രനേതൃത്വം നിർദേശിക്കട്ടെയെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ്. അല്ലാത്ത പക്ഷം പൊതു സ്വതന്ത്രനെ പിന്തുണക്കാനാണ് ധാരണ.
നിലമ്പൂരിൽ തങ്ങൾക്ക് വലിയ റോളില്ലെന്ന തരത്തിലാണ് തിങ്കളാഴ്ചയും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. ‘നിലമ്പൂരില്‍ ബിജെപി ഇതുവരെ വിജയിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ ഭൂരിഭാഗമുള്ള ഒരു മണ്ഡലമാണ് അത്. ബിജെപി അവിടെ മത്സരിച്ചാല്‍തന്നെ അതിന്റെ വിജയസാധ്യത എത്രത്തോളം എന്നുപറയാന്‍ ഞാന്‍ ആളല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎ അവിടെ നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്‍ഡിഎയുമായി ചര്‍ച്ച ചെയ്തശേഷമേ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കൂ. വെറുതെ മത്സരിക്കാന്‍ വേണ്ടിയല്ല ബിജെപി തിരഞ്ഞെടുപ്പില്‍ ഇറങ്ങുന്നത്, ജയിക്കാന്‍വേണ്ടി തന്നെയാണ്. വിജയിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ മത്സരിക്കുക എന്നതാണ് ബിജെപിയുടെ നയം’ -രാജീവ് വ്യക്തമാക്കി.
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇന്ന് നടക്കുന്ന എന്‍ഡിഎ മീറ്റിങ്ങില്‍ തീരുമാനിക്കുമെന്നും നിലവില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് അനാവശ്യമായ ഒന്നാണെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ഈഗോ കാണിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
'ജനാധിപത്യപരമായി മുന്നോട്ടുപോകുന്ന ഒരു പാര്‍ട്ടിയാണ് ബിജെപി. ഞങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഒന്നും ഇല്ലല്ലോ. എല്‍ഡിഎഫിനെയോ യുഡിഎഫിനെയോ പോലെയല്ല, ഞങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിലമ്പൂരില്‍ ഞങ്ങള്‍ക്ക് ബിജെപി സ്ഥാനാര്‍ഥിയോ, എന്‍ഡിഎ സ്ഥാനാര്‍ഥിയോ, സ്വതന്ത്ര സ്ഥാനാര്‍ഥിയോ ഉണ്ടാവാം. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഏഴുമാസത്തേക്ക് വേണ്ടിമാത്രം ഒരു എംഎല്‍എയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഒരു തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നത്. അത് അനാവശ്യമായി നടക്കുന്ന ഒരു തിരഞ്ഞെടുപ്പാണെന്ന് മത്സരിക്കാന്‍ പോകുന്ന സ്ഥാനാര്‍ഥികള്‍ക്കും പിന്നിലുള്ള പാര്‍ട്ടികള്‍ക്കും അറിയാം. ഏഴുമാസത്തില്‍ ഒരു എംഎല്‍എ എന്തുചെയ്യാനാണ്? ഒന്നും ചെയ്യാനാവില്ല, അതും എല്ലാവര്‍ക്കും അറിയാം. ഏഴുമാസം കഴിഞ്ഞാല്‍ ശരിക്കുള്ള തിരഞ്ഞെടുപ്പ് വരും. അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എല്‍ഡിഎഫും യുഡിഎഫും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ ഉപയോഗിക്കുന്നത് ഈഗോ കാണിക്കാനാണ്. വരാന്‍പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലുമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ഇതുവരെ ചെയ്തിട്ടില്ലാത്ത വികസനകാര്യങ്ങള്‍ മുന്നോട്ടുവെക്കും. എല്‍ഡിഎഫ്, സര്‍ക്കാരിന്റെ വിജയാഘോഷങ്ങള്‍ നടത്തുകയാണ്. എന്നാല്‍ കേരളം വീണ ഒമ്പതുകൊല്ലമാണ് കടന്നുപോയതെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അത് ജനങ്ങളെ ബോധ്യപ്പെടുത്തും’ -രാജീവ് പറഞ്ഞു.
അതേസമയം സ്ഥാനാർഥിയെ നിർത്തുന്നതിൽ ബി.ജെ.പിയുടെ ഉറപ്പില്ലായ്മ ചൂണ്ടിക്കാട്ടി പി.വി. അൻവർ അടക്കമുള്ളവർ രംഗത്തുവന്നു. സി.പി.എമ്മുമായുള്ള ധാരണയുടെ ഭാഗമായാണ് ബി.ജെ.പി വിട്ടുനിൽക്കുന്നതെന്നാണ് അൻവറിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

