‘റോങ് സൈഡിൽ വരുന്ന വാഹനങ്ങൾ, ചുറ്റിലും നിർമാണ അവശിഷ്ടങ്ങൾ, വ്യക്തമായ ഡിവൈഡറുകളില്ല...’ കേരളത്തിലെ ആറുവരി ദേശീയപാതയെക്കുറിച്ച് രാജ്ദീപ് സർദേശായി
text_fieldsന്യൂഡൽഹി: കേരളത്തിലൂടെയുള്ള ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ ഗുരുതരമായ സുരക്ഷാവീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ടാഗ് ചെയ്തുകൊണ്ടുള്ള എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്. പടിഞ്ഞാറൻ തീരത്ത് ആറുവരിപ്പാത വരുന്നത് സന്തോഷകരമാണെങ്കിലും, നിലവിലെ നിർമ്മാണരീതി വലിയ റോഡ് സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിർമ്മാണത്തിലിരിക്കുന്ന പാതയിലൂടെ വാഹനങ്ങൾ റോങ് സൈഡിൽ വരുന്നത് നിത്യസംഭവമാണ്. റോഡിലുടനീളം നിർമ്മാണ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നു. കൃത്യമായ ഡിവൈഡറുകളോ ദിശാസൂചകങ്ങളോ പാതയിലില്ല. കഴിഞ്ഞ ദിവസം റോങ് സൈഡിൽ വന്ന ഒരു കാറുമായി തന്റെ വാഹനം കൂട്ടിയിടിക്കേണ്ട സാഹചര്യം ഉണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി.
ഗതാഗതം നിരീക്ഷിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സദാസമയവും പ്രവർത്തിക്കുന്ന ഹൈവേ പോലീസ് സേനയുടെ സേവനം അടിയന്തരമായി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തിലെ പാതകളിൽ മാത്രം 23 ജീവനുകൾ നഷ്ടപ്പെട്ടത് ലോക്സഭയിലെ കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി ദേശീയപാതകളിൽ അഞ്ചര ലക്ഷത്തോളം പേരാണ് പത്തു വർഷത്തിനിടെ മരിച്ചത്. പാതകൾ വികസിക്കുമ്പോൾ അവ മരണക്കെണികളായി മാറാൻ അനുവദിക്കരുതെന്നും സർദേശായി ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

