അധിക്ഷേപം സഹിക്കാൻ കഴിയുന്നില്ല; ഭർത്താവിനെ യുവതി ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു
text_fieldsജയ് പുർ: ഭർത്താവിന്‍റെ അധിക്ഷേപകരമായ പെരുമാറ്റം സഹിക്കാൻ കഴിയാതെ യുവതി ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. രാജസ്ഥാനിലെ ചുരുവിലാണ് സംഭവം. ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു വധശ്രമം. പരിക്കേറ്റ ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആഗസ്റ്റ് 12ന് ജോലി കഴിഞ്ഞെത്തിയ മഹേന്ദ്ര ദാന്(32) ഭാര്യ സുമൻ(28) ഭക്ഷണം നൽകി. ഭക്ഷണം കഴിച്ച് അബോധവസ്ഥയിലായ മഹേന്ദ്ര ദാൻ അർധരാത്രി ഇലക്ട്രിക് ഷോക്കടിച്ചാണ് ഉണർന്നത് എന്നാണ് മൊഴി നൽകിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ തന്‍റെ കൈകൾ പോളിത്തീൻ ബാഗുകളിൽ പൊതിഞ്ഞുവെച്ചുവെന്നും കാലുകളിൽ ഇലക്ട്രിക് വയറുകൾ കെട്ടിവെച്ചിരുന്നുവെന്നും ഭർത്താവ് പറയുന്നു.
ഭർത്താവിന്‍റെയും പിതാവിന്‍റെയും പരാതിപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഭാര്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

