രാജസ്ഥാനി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകൽ: യുവാവുമായി അന്വേഷണസംഘം മുംബൈയിലേക്ക്
text_fieldsഓച്ചിറ: പ്രായപൂർത്തിയാകാത്ത രാജസ്ഥാനി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവത്തിലെ ഒന്നാംപ്രതി മേമന തെക്ക് കന്നിട്ടയിൽ മുഹമ്മദ് റോഷനെ (20) പോക്സോ കോടതി പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. പീഡിപ്പിക്കപ്പെട്ടത് മുംബൈയിലെ പനവേലിയിൽ വെച്ചാണെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പിനായി റോഷനെ മുംബൈയിലേക്ക് ബുധനാഴ്ച വൈകീട്ടോടെ കൊണ്ടുപോകും.
എസ്.ഐ ശിവകുമാർ, എസ്.സി.പി.ഒമാരായ ജയകൃഷ്ണൻ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മുംബൈയിലേക്ക് പോകുന്നത്. പെൺകുട്ടിയുടെ പിതാവ് ഹാജരാക്കിയ രാജസ്ഥാനിലെ പ്രൈമറി സ്കൂളിലെ ടി.സി, വയസ്സ്, ജാതി എന്നിവയുടെ നിജസ്ഥിതി അറിയുന്നതിനായി ഒരു സംഘം പൊലീസ് രാജസ്ഥാനിലേക്കും ബുധനാഴ്ച പുറപ്പെടും. പെൺകുട്ടിക്ക് 18 വയസ്സായതായി റോഷനും ബന്ധുക്കളും പറയുന്നു. കഴിഞ്ഞമാസം 18നാണ് കാറിലെത്തിയ നാല് യുവാക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
