രാജനും മൈമൂനക്കും പാതയോരമാണ് വീട്
text_fieldsചെറുവത്തൂർ: കോവിഡിനുപോലും കീഴടക്കാൻ കഴിയാത്ത സ്നേഹവുമായി കഴിഞ്ഞ 12 വർഷമായി രാജനും മൈമൂനയും ദേശീയപാതയോരത്തുണ്ട്. പടന്നക്കാട് കാർഷിക കോളജിന് സമീപത്തെ ദേശീയപാതക്കരികിൽ രോഗം തളർത്തിയ ശരീരവുമായി കഴിയുന്ന ഈ ദമ്പതികൾ കാഴ്ചക്കാരുടെ നൊമ്പരമാകുന്നു. പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയ മറക്കുള്ളിലാണ് ഇവരുടെ വാസം. ഈ കൂരയാകട്ടെ മഴയെയും വെയിലിനെയും ഒരുപോലെ ഏറ്റുവാങ്ങുകയും ചെയ്യും. രണ്ടു പേരും എച്ച്.ഐ.വി ബാധിതരാണ്. ഇതിൽ മൈമൂനയുടെ ഇരുകാലുകളിലും വ്രണങ്ങൾ രൂപപ്പെട്ട് വയ്യാത്ത അവസ്ഥയിലാണ്. തങ്ങളുടെ പ്രയാസങ്ങൾ ഇവർ ആരോടും പറയാറില്ല. കാരണം തങ്ങളെ അഗതി മന്ദിരത്തിലേക്കോ മറ്റോ മാറ്റിയാൽ വേർപിരിയേണ്ടിവരും. അത് മരണത്തിന് സമാനമാണ്. അതിന് ഇവർ ഒരുക്കമല്ല. സങ്കടങ്ങൾ ഏറുമ്പോൾ ഉറ്റവരും ഉടയവരുമായി ആകെയുള്ള നായ്യോടും കോഴിയോടും പ്രാവുകളോടും പരിഭവങ്ങൾ പറഞ്ഞ് ദിവസങ്ങൾ തള്ളി നീക്കുകയാണിവർ.
കായംകുളം റെയിൽവേ സ്റ്റേഷനിൽ ശുചിമുറി നടത്തിപ്പിനിടെയാണ് റെയിൽവേയുടെ കരാർ പണിക്കുവന്ന പാലക്കാടുകാരി മൈമൂനയെ രാജൻ പരിചയപ്പെടുന്നതും പിന്നെ വിവാഹം കഴിക്കുന്നതും. മൈമൂനയുടേത് രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിലുണ്ടായിരുന്ന കുട്ടി ചെറുപ്പത്തിൽ തന്നെ മരിച്ചു. കുറച്ചുകാലത്തിനുശേഷം ഭർത്താവും. പിന്നീടാണ് രാജനെ പരിചയപ്പെടുന്നതും ഒന്നിച്ച് ജീവിതം തുടങ്ങുന്നതും. കൂലിവേല ചെയ്ത് പല ദേശങ്ങൾ താണ്ടിയ ശേഷമാണ് പടന്നക്കാട്ട് എത്തിയത്.
അസുഖങ്ങൾ ഒന്നിനുപിറകെ ഒന്നായി ഇവർക്ക് കൂട്ടായെത്തിയതോടെയാണ് ഇവർ തളർന്നത്. പ്രമേഹം, നടുവേദന, കൈകാൽ തരിപ്പ്, വ്രണം തുടങ്ങി ഇവർക്കില്ലാത്ത അസുഖങ്ങളില്ല. ജോലിക്കിടെ കിണറ്റിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റാണ് രാജൻ രോഗിയായത്.
ഇരുവർക്കും ജോലികളൊന്നും ചെയ്യാനാവാത്ത അവസ്ഥയുമാണ്. സ്നേഹമനസ്സുകളുടെ സഹായങ്ങൾ കൊണ്ടാണ് ഇവർ ജീവിതം മുന്നോട്ടുനീക്കുന്നത്. വെള്ളിയാഴ്ചകളിൽ പള്ളിമുറ്റത്തുനിന്നും സഹായം അഭ്യർഥിക്കും.
എന്നാൽ, ലോക്ഡൗണായതോടെ എല്ലാം നിലച്ച സ്ഥിതിയാണ്. മഴകൊള്ളാത്തൊരു വീടാണ് രാജെൻറയും മൈമൂനയുടെയും ഒരേയൊരു ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
