രാജമാണിക്യത്തിെൻറ സ്ഥാനചലനത്തിനു പിന്നിൽ സ്വകാര്യ ബസ് ഉടമകളുടെ ഇടപെടലും
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നുള്ള എം.ജി. രാജമാണിക്യത്തിെൻറ സ്ഥാനചലനത്തിനു പിന്നിൽ സ്വകാര്യ ബസ് ഉടമകളുടെ ഇടപെടലും. 140 കിലോമീറ്ററിലധികം സർവിസ് നടത്താൻ സ്വകാര്യ-ദീർഘദൂര ബസുകൾക്ക് നൽകിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ കത്താണ് മന്ത്രിയെയും സ്വകാര്യ ബസ് ഉടമകളെയും ചൊടിപ്പിച്ചതെന്നാണ് വിവരം. ഒക്ടോബർ പത്തിന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി മുഖേന എം.ഡി മന്ത്രിക്ക് നൽകിയ കത്ത് ലഭിച്ച ഉടൻ സ്ഥാനചലനവുമുണ്ടായി. ഇതിനു പുറമെ, കെ.എസ്.ആർ.ടി.സി ബസുകളിലെ പരസ്യത്തിന് നിലവിലെ കമ്പനിക്കുതന്നെ അനുമതി നൽകണമെന്ന നിർദേശവും പുതിയ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീന് ഒാർഡർ നൽകുന്നതിനുള്ള മന്ത്രിയുടെ ഉത്തരവ് നിരാകരിച്ചതും കെ.എസ്.ആർ.ടി.സിയുടെ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാനുള്ള ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചതും സ്ഥാനചലനത്തിനു വഴിയൊരുക്കിയെന്ന് കെ.എസ്.ആർ.ടി.സി ഉന്നതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കോർപറേഷൻ ഏറ്റെടുത്ത 241 സ്വകാര്യ ദീർഘദൂര ബസുകൾ ഇപ്പോഴും കെ.എസ്.ആർ.ടി.സിക്കൊപ്പം ലിമിറ്റഡ് സ്റ്റോപ് ഒാർഡിനറിയായി സർവിസ് നടത്തുന്നുണ്ട്. ഇത് കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെ ബാധിക്കുന്നതിനാൽ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു എം.ഡിയുടെ ആവശ്യം. എന്നാൽ, എം.ഡിയുടെ ഇടപെടൽ അതിരുകടക്കുന്നുവെന്ന ആക്ഷേപമാണ് ഗതാഗതവകുപ്പിൽനിന്ന് ഉണ്ടായതത്രേ. കെ.എസ്.ആർ.ടി.സിക്കൊപ്പം സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കണമെന്ന് സി.െഎ.ടി.യു അടക്കമുള്ള യൂനിയനുകളും ആവശ്യപ്പെട്ടിരുന്നു. എം.ഡിയുടെ ആവശ്യത്തെ ആദ്യം പിന്തുണച്ച യൂനിയനുകൾ പിന്നീട് എതിർക്കുകയായിരുന്നു.
ഇതുൾെപ്പടെയുള്ള ഉത്തരവുകളിൽ പലതിനെയും അംഗീകരിച്ചിരുന്ന യൂനിയനുകൾ ഡ്യൂട്ടി സമ്പ്രദായത്തിൽ മാറ്റം വരുത്തിയതോടെ എതിരായത്. നിയമവിരുദ്ധ ഇടപാടുകെള എം.ഡി ചോദ്യം ചെയ്തതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതും മന്ത്രിയുടെ ഒാഫിസിനെ ചൊടിപ്പിച്ചെന്നാണ് സൂചന. എം.ഡിയുടെ കത്തിൽ ഗതാഗതവകുപ്പ് ഇനിയും തീരുമാനമെടുത്തിട്ടില്ല. പുതിയ എം.ഡിയായി ക്രൈംബ്രാഞ്ച് മേധാവി എ. ഹേമചന്ദ്രൻ ചുമതലയേറ്റ ശേഷമെ ഇക്കാര്യത്തിൽ തുടർ നടപടി ഉണ്ടാകൂ. ചൊവ്വാഴ്ച അദ്ദേഹം ചുമതലയേൽക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
