ജനവാസ കേന്ദ്രത്തിൽ മുട്ടയിട്ട് അടയിരുന്ന രാജവെമ്പാലയെ പിടികൂടി
text_fieldsകേളകം (കണ്ണൂർ): ജനവാസ കേന്ദ്രത്തിൽ കണ്ട രാജവെമ്പാലയെ പിടികൂടി മുപ്പതിലധികം മുട്ടകൾ കണ്ടെത്തി. മുട്ടകൾ വിരിയാനായി നെറ്റ് വിരിച്ച് സംരക്ഷണം ഏർപ്പെടുത്തി. വ്യാഴാഴ്ച്ചയാണ് കൊട്ടിയൂർ പഞ്ചായത്തിലെ വെങ്ങലോടി കുറ്റിമാക്കൽ ചാക്കോയുടെ പുരയിടത്തിലെ തോടിനു സമീപത്തെ ഓടക്കൂട്ടത്തിനിടയിലാണ് പത്ത് അടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടത്.
തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയും വെള്ളിയാഴ്ച്ച രാവിലെ ഇരിട്ടിയിൽ നിന്നു റാപ്പിഡ് റസ്‌പോൺസ് ടീം എത്തി തോടിനു സമീപത്തെ കൂട് കൂട്ടി അടയിരുന്ന രാജവെമ്പാലയെ പാമ്പ് പിടുത്ത വിദഗ്ധൻ റിയാസ് മങ്ങാടിന്റെ നേതൃത്വത്തിൽ പിടികൂടുകയും ചെയ്തത്. മുട്ടകൾ വിരിയാൻ പരമാവധി 90 ദിവസമെങ്കിലും കഴിയുമെങ്കിലും കുറച്ച് ദിവസം അടയിരുന്ന മുട്ടയായതിനാൽ ജൂൺ അവസാനത്തോടെ വിരിഞ്ഞിറങ്ങുമെന്നാണ് പാമ്പ് പിടുത്ത വിദഗ്ദൻ റിയാസ് പറഞ്ഞത്.

കൂടിനു മുകളിൽ നെറ്റ് വിരിച്ച് നിരീക്ഷണത്തിലായിരിക്കും ഇനി മുട്ടകൾ. പിടിച്ച രാജവെമ്പാലയെ കൊട്ടിയൂർ വനത്തിലെ ഉൾക്കാട്ടിൽ തുറന്നു വിടും. റാപ്പിഡ് റസ്‌പോൺസ് ടീം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പിപി മുരളിധരൻ,കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.ആർ ഷാജി,അനിൽ തൃച്ഛബംരം,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.പി രാജീവൻ,എം.സൈന,വാച്ചർമാരായ ബാലകൃഷ്ണൻ,വിനു എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയതും മുട്ടകൾക്ക് സംരക്ഷണം ഒരുക്കിയതും.
കഴിഞ്ഞ വർഷവും പന്ന്യാംമലയിലും വനംവകുപ്പിൻെറ നേതൃത്വത്തിൽ രാജവെമ്പാല മുട്ടകൾ വിരിച്ചയിറക്കിയിരുന്നു.കൊട്ടിയൂരിലെ ജനവാസ കേന്ദ്രത്തിൽ രാജവെമ്പാലകൾ മുട്ടയിടുന്നത് പതിവാകുന്നത് ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
