വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ല; വിദ്യാഭ്യാസ മന്ത്രിയെ തള്ളി ലോക് ഭവന്‍
text_fieldsതിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി വന്ദേമാതരം. വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന നിര്‍ദേശം ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനെ തള്ളി ലോക് ഭവന്‍ രംഗത്ത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമല്ല ചീഫ് സെക്രട്ടറി ഈ ഉത്തരവ് പുറത്തിറക്കിയതെന്നും ലോക് ഭവന്‍ ഔദ്യോഗികമായി വ്യക്തമാക്കി.
ലോക് ഭവന്‍ നല്‍കിയ കത്ത് ചീഫ് സെക്രട്ടറി കൈമാറുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മന്ത്രി എന്‍. ഷംസുദ്ദീന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ലോക് ഭവനില്‍ നിന്നോ ഗവര്‍ണറില്‍ നിന്നോ ഒരു നിര്‍ദേശം വരുമ്പോള്‍ അത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്യുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ പുതുതായി ഉണ്ടാക്കിയതോ നല്‍കിയതോ ആയ നിര്‍ദേശമല്ലെന്നും, വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങളും പുതിയ നിയമങ്ങളും നിലവിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ മന്ത്രിയുടെ ഈ വാദങ്ങളെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള ലോക് ഭവന്റെ പ്രതികരണം സര്‍ക്കാരിനും മന്ത്രിക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. വന്ദേമാതരം മുഴുവനായും കര്‍ശനമായും ആലപിക്കണമെന്ന ഉത്തരവിനെതിരെ യു.ഡി.എഫിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഈ പുതിയ വഴിതിരിവ്.
മുമ്പ് നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം മുഴുവന്‍ പാടാത്തതില്‍ സ്പീക്കറെ രേഖാമൂലം ഗവര്‍ണർ രാജേന്ദ്ര ആര്‍ലേക്കര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വന്ദേമാതരം മുഴുവന്‍ പാടേണ്ടതായിരുന്നു എന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍, എന്തുകൊണ്ട് പാടിയില്ല എന്ന് സ്പീക്കറോട് ചോദിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, വന്ദേമാതരം മുഴുവന്‍ പാടാനാവില്ലെന്നും യു.ഡി.എഫിന്റെ നയങ്ങള്‍ക്ക് അപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നുമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ അന്ന് വ്യക്തമാക്കിയത്. പൊളിറ്റിക്കല്‍ ഐഡിയോളജിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ് യു.ഡി.എഫ് സര്‍ക്കാരിനെ നയിക്കുന്നതെന്നും അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു.
സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും കണിശമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം കഴിഞ്ഞ ദിവസമാണ് വന്നത്. ഇതിനുള്ള പ്രതികരണം മാധ്യമ പ്രവർത്തകർ ആരായവെയാണ് സംസ്ഥാന സർക്കാരിന്റെ സ്വന്തം തീരുമാനമല്ലെന്നും രാജ്ഭവനിൽനിന്നുള്ള നിർദ്ദേശപ്രകാരമാണ് ഇതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.
വന്ദേമാതരം പൂർണമായും ആലപിക്കണം എന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുതുതായി ഉണ്ടാക്കിയ ഒന്നല്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. രാജ്ഭവനിൽനിന്നും ഗവർണറിൽനിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ പാസ് ചെയ്യേണ്ട ബാധ്യത ചീഫ് സെക്രട്ടറിക്കുണ്ടെന്നും അതാണ് ഇതിൽ സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സർക്കാർ പ്രഖ്യാപിച്ചതല്ലെന്നും രാജ്ഭവന്റെ നിർദ്ദേശം പാസ് ചെയ്യുക എന്ന ചുമതല മാത്രമാണ് സമിതി നിർവ്വഹിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും പിന്നെ ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.
വന്ദേമാതരത്തില്‍ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കൻഡുമാണ്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്ന നിര്‍ദേശവുമുണ്ട്.
ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശം അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കേന്ദ്രങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങല്‍ നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

