രാജ്ഭവൻ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് -ശിവൻകുട്ടി
text_fieldsകോഴിക്കോട്: രാജ്ഭവൻ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്നും എ.ബി.വി.പി പ്രവർത്തകർ തനിക്കെതിരെ കരിങ്കൊടി കാണിക്കുന്നതും കാറിന്റെ മുന്നിൽ ചാടി വീഴുന്നതുമൊക്കെ രാജ്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ ഭാഗമാണെന്ന് സംശയമുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി. കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് കരിങ്കൊടി കാണിച്ച എ.ബി.വി.പി പ്രവർത്തകർ കാറിന്റെ മുന്നിലുള്ള ദേശീയ പതാക വലിച്ചുകീറി.
ദേശീയ പതാകയോടുള്ള അവരുടെ ബഹുമാനം എത്രത്തോളമാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിപാടിയിൽ കാവിക്കൊടി ഏന്തിയ വനിതയുടെ ചിത്രത്തിന് മുന്നിൽ ഗവർണർ പുഷ്പാർച്ചന നടത്തിയപ്പോൾ പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലക്ക് നിലപാട് വ്യക്തമാക്കി ഇറങ്ങിപ്പോന്നത് ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ്.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മത ചിഹ്നങ്ങൾ ഉപയോഗിക്കാത്ത മതേതര സംഘടനയാണ്. വിദ്യാലയങ്ങളിലൂടെയാണ് പ്രധാന പ്രവർത്തനം. മേൽനോട്ടം വിദ്യാഭ്യാസ വകുപ്പിനാണ്. ഗവർണർ രക്ഷാധികാരി എന്ന പദവിയിലാണ് പ്രവർത്തിക്കുന്നത്. ചട്ടപ്രകാരം രക്ഷാധികാരി ഗവർണർ ആകണമെന്ന് നിർബന്ധമില്ല. ഭാരതാംബ പോലുള്ള മിഥ്യാത്മക പ്രതീകങ്ങൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ഉപയോഗിക്കുന്നത് മതേതരത്വത്തെയും ആധുനിക വിദ്യാഭ്യാസ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് താൻ ഇറങ്ങിപ്പോന്നത്. അത് വ്യക്തിപരമല്ല, മറിച്ച് ഭരണഘടനാ മൂല്യങ്ങളോട് ആദരവ് പുലർത്തിയായിരുന്നു -മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

