സിനിമയിലെ ലൈംഗികചൂഷണം: രാജ്ഭവന് പരാതി ലഭിച്ചിട്ടില്ലെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: മലയാളം സിനിമയിൽ ഉയരുന്ന ലൈംഗികചൂഷണങ്ങളെ കുറിച്ച് രാജ്ഭവന് പരാതി ലഭിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആളുകൾ പരാതിയുമായി എത്തിയാൽ നിയമം അതിന്‍റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, രാജ്ഭവന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വേണമെന്ന തന്‍റെ നിലപാട് ആവർത്തിച്ച ഗവർണർ, സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് കടമയുണ്ടെന്നും റിപ്പോർട്ടിൽ നടപടി വേണമെന്നും കഴിഞ്ഞ ദിവസം ഗവർണർ പ്രതികരിച്ചിരുന്നു. നമ്മുടെ സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അറിയാവുന്ന നമ്മൾ എന്തിന് കുടുംബത്തിന് പുറത്തുള്ള സ്ത്രീകളോട് മറ്റൊരു രീതിയിൽ പെരുമാറണമെന്നും ഗവർണർ ചോദിച്ചു. സ്ത്രീകളോട് മാന്യതയും ബഹുമാനവും കാണിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

