കോടതിയിൽ മുദ്രാവാക്യം വിളി: അഭിഭാഷകർക്കെതിരായ കോടതിയലക്ഷ്യക്കേസ് തീർപ്പാക്കി
text_fieldsകൊച്ചി: കോടതിമുറിയിൽ മുദ്രാവാക്യം വിളിച്ചതിന് അഭിഭാഷകർക്കെതിരെയെടുത്ത കോടതിയലക്ഷ്യക്കേസ് ഹൈകോടതി തീർപ്പാക്കി. മാവേലിക്കര ബാറിലെ ഏഴ് അഭിഭാഷകർക്കെതിരെ സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യക്കേസാണ് ഒറ്റപ്പെട്ട സംഭവം എന്നത് പരിഗണിച്ചും ഖേദപ്രകടനം അംഗീകരിച്ചും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്.
2022 ഫെബ്രുവരി 17ന് ‘കോടതി നീതി പാലിക്കുക’ എന്ന മുദ്രാവാക്യം വിളിച്ചത് സംബന്ധിച്ച് മാവേലിക്കര മുൻസിഫ് കോടതിയിൽനിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അഭിഭാഷകർ ഖേദം പ്രകടിപ്പിക്കുകയും കോടതിയുടെ അന്തസ്സും മാന്യതയും ഉയർത്തിപ്പിടിക്കുന്ന പെരുമാറ്റം ഉറപ്പുനൽകുകയും ചെയ്തിരുന്നു.
ഇവർ മാവേലിക്കര ബാറിലെ മുതിർന്ന അഭിഭാഷകരാണെന്നതും മുമ്പ് ഇവർക്കെതിരെ പരാതികളൊന്നുമുണ്ടായിട്ടില്ലെന്നതും കോടതി പരിഗണിച്ചു. ജുഡീഷ്യൽ ഓഫിസർമാരും അഭിഭാഷകരും കോടതിയുടെ പ്രവർത്തനം ഉറപ്പാക്കാൻ ഒരുമിച്ചു പ്രവർത്തിക്കേണ്ടവരാണെന്നും കോടതിക്കകത്തും പുറത്തും യുവ അഭിഭാഷകർക്ക് മാതൃകയാകുന്ന പെരുമാറ്റമാണ് മുതിർന്നവരിൽനിന്ന് ഉണ്ടാകേണ്ടതെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

