മഴ, കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വർഷം: ചൂടിന് ആശ്വാസമായി വേനൽ മഴ
text_fieldsഎറണാകുളം: കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ. ഇടുക്കി ഹൈറേഞ്ചിലും എറണാകുളത്തും വയനാടും വേനൽ മഴ പെയ്തു. എറണാകുളം മുവാറ്റുപുഴയിൽ മഴയിൽ മരങ്ങൾ കടപുഴകി വീണു. ആട്ടായത്താണ് മരങ്ങൾ കടപുഴകി വീണത്. ഇലക്ട്രിക് പോസ്റ്റുകളും പൊട്ടിവീണു. സംഭവത്തിൽ ആർക്കും പരിക്കില്ല. വീടിന് കേടുപാടുകൾ സംഭവിച്ചെന്നും റിപ്പോർട്ട്. ശക്തമായ കാറ്റിൽ ആലുവയിൽ മരങ്ങൾ കടപുഴകി വീണു. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്തു.
ഇടക്കൊച്ചി അരൂർ ഹൈവേയിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി. പള്ളുരുത്തി മുതലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായി. ഇടുക്കിയിൽ ദേശീയപാത 85ന്റെ പാതയോരങ്ങളിൽ മരങ്ങൾ കടപുഴകി വീണ് നാശനഷ്ടമുണ്ടായി. ചിലയിടങ്ങളിൽ ഗതാഗത തടസ്സം നേരിട്ടു. നേര്യമംഗലം മുതൽ വാളറ വഴിയുള്ള മേഖലയിലാണ് മഴ ലഭിച്ചത്. കൊതമംഗലത്ത് സ്വകാര്യ ആശുപത്രിയുടെ മേൽക്കൂരയുടെ ഷീറ്റ് പറന്നുവീണു. ആർക്കും പരിക്കില്ല. വയനാട് മീനങ്ങാടിയിൽ മഴക്കൊപ്പം ആലിപ്പഴ വർഷവുമുണ്ടായി. പാപ്ലശേരി മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു.
അതേസമയം, ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിൽ വീണ്ടും റെക്കോർഡിട്ട് സംസ്ഥാനം. വൈദ്യുതി പ്രതിസന്ധി രൂക്ഷയിട്ടുണ്ടെന്നും പവർകട്ടോ ലോഡ് ഷെഡിങ്ങോ ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 117.155 ലക്ഷം യൂണിറ്റായി ഉയർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചൂടു കൂടുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ 50 മെഗാവാട്ടോളം വർധനയാണ് ദിവസേന രേഖപ്പെടുത്തുന്നത്. പീക്ക് ഹവറിൽ 500 മെഗാവാട്ടാണ് സാധാരണ രേഖപ്പെടുത്താറുള്ളത്.
മറ്റു സംസ്ഥാനങ്ങളുമായുള്ള കരാറിൽ 200 മെഗാവാട്ടിന്റെ കുറവു 16ാം തീയതി മുതലുണ്ടായിട്ടുണ്ട്. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് വരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പവർ എക്സ്ചേഞ്ചിൽനിന്നും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബുദ്ധിമുട്ടായതിനാൽ ദീർഘകാല കരാറിൽ ഏർപ്പെടാൻ റഗുലേറ്ററി കമീഷന്റെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ആവശ്യം ഈ മാസം രണ്ടാം തവണയും 6000 മെഗാവാട്ട് കടന്നു. വെള്ളിയാഴ്ച രാത്രി പീക്ക് സമയത്തെ ആവശ്യം 6013 മെഗാവാട്ടായിരുന്നു. കെ.എസ്.ഇ.ബി അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു. 35 ശതമാനം വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്. 2017ന് ശേഷം ഇതേദിവസം അണക്കെട്ടിലെ ജലനിരപ്പ് ഇത്രയും കുറയുന്നത് ഇതാദ്യം. കനത്ത ചൂടിനെ തുടർന്ന് ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താം. കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് മുതൽ മുകളിലേക്ക് അനുഭവപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

