മഴയിൽ വെള്ളക്കെട്ട്; സംസ്ഥാനത്ത് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു, ബസ് സർവിസുകൾ മുടങ്ങി
text_fieldsകോട്ടയം: മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. ഇന്ന് മഴക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവിസുകൾ പലയിടത്തും നിർത്തിവച്ചു. കോട്ടയം ജില്ലയിൽ മഴ കുറഞ്ഞെങ്കിലും പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ കിടങ്ങൂർ, പാല കൊട്ടാരമറ്റം, മൂന്നാനിയിൽ വെള്ളം പൂർണമായിട്ടും ഇറങ്ങിയിട്ടില്ല. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചില്ല.
ഏറ്റുമാനൂർ, പാറോലിക്കൽ, കോട്ടയം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇല്ലിക്കൽ, കുമരകം തുടങ്ങിയ പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ആലപ്പുഴയിൽ മഴക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് മാറിയിട്ടില്ല. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം കെ.എസ്.ആർ.ടി.സി സർവിസ് നിർത്തി. ആലപ്പുഴ, എടത്വ, ഹരിപ്പാട് ഡിപ്പോയിൽ നിന്ന് ചക്കുളത്തു കാവ് ജങ്ഷൻ വരെയും തിരുവല്ലയിൽ നിന്നും വൈക്കത്തുള്ളം പാലം വരെയുമാണ് സർവിസ് നടത്തുന്നത്. വെള്ളം കയറിയതിനെ തുടർന്ന് തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു.
വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ആരാധനാലയങ്ങൾക്ക് സമീപവും വെള്ളം കയറിയിട്ടുണ്ട്. കണ്ണൂരിൽ മഴക്ക് നേരിയ ശമനമുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ ശ്രീകണ്ഠാപുരത്ത് വെള്ളം കയറിയിരുന്നു. രാവിലെ മുതൽ മഴക്ക് കുറവുണ്ട്, ചെറിയ തോതിൽ വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ, ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിക്കാനായിട്ടില്ല. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാത, ശ്രീകണ്ഠാപുരം - പയ്യാവൂർ റോഡ്, ചെങ്ങളായി തവനൂർ കൊയ്യം റോഡ്, രാജഗിരി - ജോസ്ഗിരി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വില്യാപ്പള്ളിയിൽ പലയിടത്തും റോഡുകളിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. തടമ്പാട്ടുതാഴം, മാളിക്കടവ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. പത്തനംതിട്ട ടി.കെ. റോഡിൽ നെല്ലാട് ഭാഗത്ത് വെള്ളം കയറി. തണ്ണിത്തോട് മേഖലയിൽ രാവിലെ മഴയുണ്ടായിരുന്നു. എറണാകുളം പിറവം രാമമംഗലം റോഡിൽ കിഴിമുറി തേക്കുതോട്ടത്തിന് സമീപം വെള്ളക്കെട്ടുണ്ട്. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നതിന് തടസ്സമുണ്ട്. ചെല്ലാനം ചെറിയകടവ് ഭാഗത്തും വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗത തടസ്സമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

