മഴ തുടരും; ഏഴുജില്ലകളിൽ ഓറഞ്ച് അലർട്ട്; ആകെ മരിച്ചവർ 26 ആയി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വെള്ളിയാഴ്ചയും ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ വെള്ളിയാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ വ്യാഴാഴ്ച രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് വ്യാഴാഴ്ച ഉച്ചക്ക് 2.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികളിൽ പലയിടത്തും ജനജീവിതം ദുരിതത്തിലാണ്.അഞ്ചുദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 26 ആയി. പല ജില്ലകളിലും തീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. കാലവർഷക്കെടുതിയിൽ ബുധനാഴ്ച ഒരു മരണം കൂടി സ്ഥിരീകരിച്ചു. കാണാതായ നാലുപേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
തിരുവനന്തപുരത്ത് രണ്ടും കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോരുത്തരെയുമാണ് കണ്ടെത്താനുള്ളത്.സംസ്ഥാനത്താകെ 462 ക്യാമ്പുകളിലായി 27,048 പേരാണുള്ളത്. 157 ക്യാമ്പുകളിലായി 9858 പേർ കഴിയുന്ന പത്തനംതിട്ടയാണ് പട്ടികയിൽ ഒന്നാമത്. 154 ക്യാമ്പുകളിലായി 8321 പേരുള്ള കോട്ടയമാണ് രണ്ടാമത്. സംസ്ഥാനത്താകെ 53 വീടുകൾ പൂർണമായും 588 വീടുകൾ ഭാഗികമായും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

