മഴ: നാശനഷ്ടമേറെ തെക്കൻ ജില്ലകളിൽ, ചക്രവാതം ന്യൂനമർദമായി മാറിയാൽ കനത്ത മഴ
text_fieldsഞായറാഴ്ച വൈകീട്ട് ആരംഭിച്ച തോരാത്ത മഴയില്‍ കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് തെക്കൻ ജില്ലകളിൽ. വടക്കൻ ജില്ലകളിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. തലസ്ഥാന ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മലയോര മേഖലയിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ട്. തീരദേശമേഖലകളിൽ ശക്തമായ കടൽക്ഷോഭമാണ്. നെയ്യാറിൽ ജലനിരപ്പ് ഉയര്‍ന്നതോടെ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. നെയ്യാർ, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടർ തുറന്നു. വിതുര പഞ്ചായത്തിൽ മക്കിയാറും ചിറ്റാറും കരകവിഞ്ഞു. മുപ്പതോളം വീടുകളിൽ വെള്ളം കയറി. മരുതാമല സ്കൂളിൽ ക്യാമ്പ് തുറന്നു.
കൊല്ലം ജില്ലയുടെ കിഴക്കൻമേഖലയിൽ തിങ്കളാഴ്ച കനത്ത മഴയാണ് ലഭിച്ചത്. അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കുളത്തൂപ്പുഴയിൽ ഞായറാഴ്ച രാത്രിയിൽ വനമേഖലയിലേക്കുള്ള അമ്പതേക്കർ പാലം മുങ്ങിയിരുന്നു. സമീപത്തെ വില്ലുമലയില്‍ 15 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ട്രോളിങ് നിരോധനം നീങ്ങിയതിനു പിന്നാലെ മത്സ്യബന്ധനത്തിന് കടലിൽ പോയ ബോട്ടുകളിൽ ഒരു വിഭാഗം ശക്തമായ കാറ്റിനെ തുടർന്ന് തിരികെയെത്തി. അഴീക്കലിൽ ശക്തമായ തിരയിൽപെട്ട് ബോട്ടിൽനിന്ന് തെറിച്ചുവീണ് കരയിലേക്ക് നീന്തിയ മൂന്ന് മത്സ്യത്തൊഴിലാളികളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി.
കാർ തോട്ടിലേക്കു വീണ് പാസ്റ്ററും രണ്ട് പെൺമക്കളും മരിച്ച പത്തനംതിട്ട ജില്ലയിലെ അത്തിക്കയത്ത് പമ്പയാറ്റിൽ വയോധികൻ ഒഴുക്കിൽപെട്ടു. ശബരിമല വനത്തിൽ റോഡിൽ മരം വീണുകിടന്നതിനാൽ രോഗിയായ ആദിവാസിയെ ആശുപത്രിയിലെത്തിക്കാനായില്ല. ചികിത്സ കിട്ടാതെ അദ്ദേഹം മരിച്ചു.
ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും നാശനഷ്ടങ്ങളുണ്ടായി. തിങ്കളാഴ്ച പീരുമേട് താലൂക്കിൽ ദേശീയ പാതയിൽ നാലിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മുള്ളരിങ്ങാട് തലക്കോട് ഭാഗത്ത് അമയൽതൊട്ടി ഭാഗത്ത് റോഡിന്റെ അരികിടിഞ്ഞ് ഗതാഗതം അപകടാവസ്ഥയിലായി. ആനവിലാസത്തിന് സമീപം ശാസ്തനടയിൽ ഞായറാഴ്ച രാത്രിയോടെ ഉരുൾപൊട്ടി ഏലകൃഷിയടക്കം നശിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രക്കും വിനോദ സഞ്ചാര മേഖലയിലെ ബോട്ടിങ്ങിനും ജില്ല ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി താലൂക്കിലാണ് തിങ്കളാഴ്ച ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.
തൃശൂരിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഫൈബർ വള്ളം അപകടത്തിൽപെട്ടാണ് ഇവരെ കാണാതായത്. തീരദേശ മേഖലയിലെ നിരവധി വീടുകളും റോഡുകളും വെള്ളക്കെട്ടിലായി. ഏറാക്കൽ, അയ്യംപടി, പൈനൂർ, കോഴിത്തുമ്പ്, കയ്പമംഗലം കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ശക്തമായ മഴയെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രം അടച്ചു. അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി
കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. കൂട്ടിക്കൽ ചപ്പാത്തിൽ ചുമട്ടുതൊഴിലാളിയെ ഒഴുക്കിൽപെട്ട് കാണാതായി. കന്നുപറമ്പിൽ റിയാസിനെയാണ് കാണാതായത്. ഒഴുകിവന്ന സാധനങ്ങൾ എടുക്കുന്നതിനിടെ ആറ്റിൽ വീഴുകയായിരുന്നു.
മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. മുണ്ടക്കയം, ഈരാറ്റുപേട്ട കോസ്വേയും കൂട്ടിക്കൽ ചപ്പാത്തും വെള്ളത്തില്‍ മുങ്ങി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ 48 വീടുകൾക്ക് ഭാഗികനാശം സംഭവിച്ചതായാണ് റവന്യൂവിഭാഗത്തിന്റെ കണക്ക്.
ആലപ്പുഴയിൽ മരംവീണ് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. കനത്തമഴയിൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ ജലനിരപ്പ് ഉയർന്നു. എറണാകുളം ജില്ലയിൽ കനത്ത മഴ കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാക്കി. മഴ ചെറുതായി ശമിച്ചപ്പോൾ 11മണിയോടെ വെള്ളം ഇറങ്ങി. പെരിയാറിലെ ജലനിരപ്പ് പ്രളയ സാധ്യതക്ക് താഴെയാണ് തുടരുന്നതെങ്കിലും ഇടുക്കി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മഴ ശക്തമായാൽ ഉയരാനിടയുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പും ആശങ്ക ഉണ്ടാകുന്ന രീതിയിൽ ഇല്ല. ഇടമലയാർ, ഭൂതത്താൻകെട്ട് എന്നിവിടങ്ങളിലെ ജലനിരപ്പും അപകടകരമാം വിധം ഉയരുന്നില്ല. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മൂവാറ്റുപുഴ കോർമല കുന്നിലെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ തിങ്കളാഴ്ച ഉച്ചക്കു ശേഷം മഴ കനത്തെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. ബുധനാഴ്ചയും വ്യാഴാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ തീരദേശമുൾപ്പെടെ വിവിധയിടങ്ങളിൽ നേരിയ തോതിലാണ് മഴ പെയ്തത്. വൈകീട്ട് രണ്ടു മണിക്കൂറോളം തുടർച്ചയായി കനത്തമഴ പെയ്ത എടപ്പാൾ, ചങ്ങരംകുളം മേഖലയിൽ ചിലയിടത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലും വെള്ളംകയറി.
ചക്രവാതം ന്യൂനമർദമായി മാറിയാൽ കനത്ത മഴ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാതം ന്യൂനമർദമായി മാറുകയും ശാന്തസമുദ്രത്തിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റ് ശക്തമാകുകയും ചെയ്താൽ വരും ദിവസങ്ങളിൽ തുടർച്ചയായ അതിശക്ത മഴയും കാറ്റുമുണ്ടാകും. അത് കരയിലും കടലിലും കനത്ത ആഘാതമുണ്ടാക്കാമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം. മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണ്. കൂടുതൽ മഴ മേഘങ്ങൾ അറബിക്കടലിൽനിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. ഇതോടെ തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസം കനത്ത മഴക്ക് സാധ്യതയുണ്ട്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.
ന്യൂനമർദവും ചുഴലിക്കാറ്റും ഒരുപോലെ ശക്തമായാൽ പ്രവചനാതീതമായ സ്ഥിതിവിശേഷമുണ്ടാകും. ശാന്തസമുദ്രത്തിലെ ചുഴലിയാണ് വരും ദിവസത്തെ മഴയുടെ തീവ്രത പ്രധാനമായി നിശ്ചയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

