ഒരു പുഴയൊഴുകിയുണ്ടായ സങ്കടക്കടൽ
text_fieldsകൽപറ്റ: എസ്റ്റേറ്റിൽ ഒരായുസ്സു മുഴുവൻ ജോലിചെയ്തുണ്ടാക്കിയവയെല്ലാം ഒരൊറ്റ രാത്രികൊണ്ട് നഷ്ടമായതിെൻറ വേദനയിലാണിവർ. വിണ്ടുകീറിയ ചുമരുകളുമായി ബാക്കിയായ വീടും ഉടുത്തിരിക്കുന്ന വസ്ത്രവും മാത്രമാണ് ശേഷിക്കുന്നത്. വയനാട്ടിലെ എസ്റ്റേറ്റ് മേഖലയായ പൊഴുതനയിലും അച്ചൂരും ആറാംമൈലിലുമൊക്കെയുള്ള നിരവധി കുടുംബങ്ങളുടെ അവസ്ഥയാണിത്. കുറിച്യർമലയിൽ ഉരുൾപൊട്ടി വെള്ളം കുത്തിയൊലിച്ചുവന്നപ്പോൾ ഇക്കാലംവരെ പ്രളയക്കെടുതിയെന്തെന്നറിയാത്ത ഒരുപാടു കുടുംബങ്ങൾ സങ്കടക്കടലിെൻറ ആഴങ്ങളിലാണിന്ന്.
പൊഴുതനയിൽനിന്ന് താഴെ അച്ചൂരെത്തുന്നതിനുമുമ്പ് പാലത്തിെൻറ കൈവരിയോടു ചേർന്ന വേലിയിൽ നിരയായിട്ടിരിക്കുന്ന ചളിപുരണ്ട വസ്ത്രങ്ങൾ ഇൗ ദുരന്തത്തിെൻറ ബാക്കിപത്രമാണ്. പലതും ഇനി ഉപയോഗിക്കാൻ പറ്റാത്തവയായി. ഇനി എല്ലാം ഒന്നിൽനിന്ന് തുടങ്ങണമെന്നു പറയുേമ്പാൾ പാത്തുമ്മക്കുട്ടിത്താത്തയുടെ കണ്ണുനിറഞ്ഞു. തൊട്ടപ്പുറത്തുള്ള അച്ചൂർപുഴ ഒരു പ്രളയകാലത്തും ഇൗ വീട്ടിനുള്ളിലൂടെ ഒഴുകിയിരുന്നില്ല. ഇപ്പോൾ ഒരു സാധനവും ബാക്കിയില്ലാത്തവിധം മലവെള്ളം ഇൗ വീടിനും അടുത്തുള്ള അഞ്ചാറു വീടുകൾക്കുമുള്ളിലൂടെ കുത്തിയൊലിച്ചുപോയിരിക്കുന്നു. പ്രളയമെടുത്തുപോയ മുഴുവൻ സാധനങ്ങളും നനഞ്ഞുകുതിർന്ന് വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരിക്കുന്നതു കാണുേമ്പാൾ ആയിഷാത്തക്ക് സങ്കടമടക്കാനാവുന്നില്ല. വിവാഹമോചിതയായ മകൾ ജീവിതം കരുപ്പിടിപ്പിക്കാൻ വായ്പയെടുത്ത് വാങ്ങിയ തയ്യൽ മെഷീൻ പോലും ഇൗ കുത്തൊഴുക്കിൽ ബാക്കിയായില്ല.
കുറിച്യർമലയിൽ ഉരുൾപൊട്ടിയതോടെ ബുധനാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് വെള്ളം പൊടുന്നനെയെന്നോണം അടിച്ചുകയറിയത്. കുഞ്ഞുങ്ങളെയും എടുത്ത് ജീവനും കൊണ്ടോടുന്നതിനിടയിൽ ഒന്നും സുരക്ഷിത സ്ഥാനത്തേക്ക് നീക്കാൻ സമയമുണ്ടായിരുന്നില്ല. അബ്ദുൽ റസാഖ് മുറിയേടത്തിൽ, സാറാമ്മ, കുണ്ടിൽതൊടി പോക്കർകുട്ടി, നാസർ കണ്ണാട്ടിത്തൊടി, സാജിദ് തുടങ്ങിയവരുടെ വീടുകളെല്ലാം ഒറ്റ രാത്രികൊണ്ട് വെള്ളത്തിനടിയിലായി.
ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞശേഷം ശനിയാഴ്ച വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച നെഞ്ചുപിളർക്കുന്നതായിരുന്നു. ടി.വിയും ഫ്രിഡ്ജും വാഷിങ് മെഷീനും അടക്കമുള്ള സകല ഇലക്ട്രോണിക്സ് സാധനങ്ങളും നശിച്ചു. കിടക്കയും ഫർണിച്ചറും പാത്രങ്ങളുമടക്കം എല്ലാം ഉപയോഗശൂന്യമായി. എല്ലാറ്റിനെക്കാളും ഇവരെ അലട്ടുന്നത് ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, സ്ഥലത്തിെൻറ രേഖകൾ തുടങ്ങിയവെയല്ലാം വെള്ളത്തിൽ നശിച്ചുപോയതാണ്. മക്കളുടെ പുസ്തകങ്ങളും യൂനിഫോമും സർട്ടിഫിക്കറ്റുകളുമടക്കം എല്ലാം പോയി. സൗദിയിൽനിന്ന് മൂന്നുമാസെത്ത ലീവിന് വന്ന ഷറഫുദ്ദീെൻറ പാസ്പോർട്ടും റിേട്ടൺ ടിക്കറ്റുമടക്കം വെള്ളത്തിലായി. പ്രളയം തകർത്തെറിഞ്ഞശേഷം എന്തു ചെയ്യുമെന്നറിയാതെ തരിച്ചുനിൽക്കുന്ന ഇവർക്ക് നാട്ടുകാരും മറ്റുള്ളവരും പകരുന്ന ആശ്വാസം മാത്രമാണിപ്പോൾ കച്ചിത്തുരുമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
