പ്രളയക്കെടുതി:നഷ്ടം 8316 കോടി
text_fieldsഅടിയന്തര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ഇതില്‍ 820 കോടി ആദ്യഘട്ടത്തിലെ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും കേന്ദ്രസംഘം ശിപാര്‍ശ ചെയ്തതുമാണ്.
ഒരേ സീസണില്‍ രണ്ടാംവട്ടമാണ് മഴക്കെടുതി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഈ സീസണില്‍ 186 പേരാണ് മരിച്ചത്. 211 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായി. പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പതിനാലില്‍ 10 ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിട്ടു. നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന് പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കണം. 1924നുശേഷമുള്ള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിട്ടത്.
എട്ടുജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച വരെയും ആലപ്പുഴ, കണ്ണൂർ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ തിങ്കളാഴ്ച വരെയുമാണ് റെഡ് അലർട്ട്.
ഇതുവരെ 39 േപർ മരിച്ചു. ഞായറാഴ്ച വയനാട്ടിലും ഇടുക്കിയിലും പാലക്കാട്ടും ഒാരോ മരണം റിപ്പോർട്ട് ചെയ്തു. എട്ടിന് ശേഷമുള്ള പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായവരുടെ എണ്ണം അഞ്ചാണ്. ഇടുക്കിയിൽ മൂന്നും പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഒാരോ ആൾ വീതവും. വയനാട്ടിൽ കനത്ത മഴ തുടരുകയാണ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 24 മണിക്കൂർകൊണ്ട് 1.82 അടി താഴ്ന്ന് 2398.66 അടിയിലെത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് 2400.48 അടിയായിരുന്നു ജലനിരപ്പ്. സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ എന്ന തോതിൽ അഞ്ച് ഷട്ടറിലൂടെ വെള്ളം തുറന്നുവിട്ട് 24 മണിക്കൂർ പിന്നിട്ടതോടെയാണ് സ്ഥിതി നിയന്ത്രണവിധേയമായത്. അതേ സമയം ഇടമലയാർ അണക്കെട്ടിൽ മൂന്നു ഷട്ടർ കൂടി തുറന്നു. ഇതോടെ ഡാമിെൻറ നാലു ഷട്ടറിലൂടെയും വെള്ളം നദിയിലേക്ക് ഒഴുകുകയാണ്. അണക്കെട്ടിെൻറ പരമാവധി ശേഷിയായ 169 മീറ്ററിൽ താഴെ ജലനിരപ്പ് നിർത്തുന്നതിനാണ് നാലാമത്തെ ഷട്ടറും തുറന്നത്.
കണ്ണീരൊഴിയാതെ ക്യാമ്പുകൾ
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ കണ്ണീർ തോരുന്നില്ല. ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടവരും മണ്ണിടിച്ചിലിൽ വീടും സ്വത്തും കൃഷിയും ഇല്ലാതായവരും ഏറെ വേദനയോടെയാണ് ഇവിടെ കഴിയുന്നത്. അതിനിടെ, വീട് നിന്നിടത്തേക്ക് എത്തിനോക്കാൻ കഴിഞ്ഞവർ നെഞ്ചിൽ കൈ വെക്കുകയാണ്. പ്രളയജലം കടപുഴക്കിയതിൽ വീടും കൃഷിയും വിലപ്പെട്ട രേഖകളും പഠനോപകരണങ്ങളും വളർത്തുമൃഗങ്ങളും എല്ലാം വരും. കേരളത്തെ അടിമുടി പിടിച്ചുകുലുക്കിയ മഴയിൽ കൃത്യമായ നാശം തിട്ടപ്പെടുത്തൽപോലും തുടങ്ങിയിട്ടില്ല.ജലനിരപ്പ് താഴ്ന്നുതുടങ്ങിയെങ്കിലും ആലപ്പുഴയിൽ 614 കുടുംബങ്ങളിലെ 2209 പേർ ദുരിതാശ്വാസ ക്യാമ്പിൽതന്നെ.
ഇടുക്കിയിൽ 1058 പേരാണ് 17 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ദുരന്തം ഏറെ നാശം വിതച്ച ഇടുക്കി, അടിമാലി താലൂക്കുകളിലാണ് ക്യാമ്പുകൾ. ഇടുക്കി അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്ക ഭീഷണിയിൽ അകപ്പെട്ടവരും ഉരുൾപൊട്ടലിൽ വീടടക്കം ഇല്ലാതായവരും ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുമാണ് ക്യാമ്പുകളിലുള്ളത്. മഴ കുറഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാമ്പിൽനിന്ന് പുറത്തിറങ്ങിയാൽ ഇനിയെന്ത് എന്ന ചോദ്യം ഉയർത്തുന്നവരാണ് കൂടുതൽ. മുൻകാലങ്ങളിൽ സർക്കാർ സൗജന്യ അരി വീടുകളിലെത്തിച്ചിരുന്നു.
എറണാകുളം ജില്ലയിൽ 49 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 7767 പേർ. ആലുവ, പറവൂര്‍, കുന്നത്തുനാട്, കണയന്നൂര്‍ താലൂക്കുകളിലാണ് ക്യാമ്പ്. പാലക്കാട് 22 ദുരിതാശ്വാസ ക്യാമ്പുകളിൽ 2,363 പേർ കഴിയുന്നു. പ്രളയക്കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിച്ച പാലക്കാട് താലൂക്കിൽ മാത്രം 20 ക്യാമ്പുകളിലായി 2,254 പേരാണ് താമസിക്കുന്നത്. മലപ്പുറം ജില്ലയിൽ നാല് താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ. ഇവിടെ 289 കുടുംബങ്ങളിലെ 1260 പേരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
