തൃശൂർ: കുട്ടനാട് പോലുള്ള ചില താലൂക്കുകളിൽ മിക്ക റേഷൻ കടകളിലും വിതരണത്തിെൻറ 90 ശതമാനം സാധനങ്ങളും സ്റ്റോക്ക് ഇരിക്കുമ്പോൾ തന്നെ വീണ്ടും ഭക്ഷ്യധാന്യങ്ങൾ എടുക്കുന്നതിന് സമ്മർദം ചെലുത്തുന്നത് വ്യാപാരികളെ കൂടുതൽ നഷ്ടത്തിലാക്കുമെന്ന് ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറർ ഇ. അബൂബക്കർ ഹാജി എന്നിവർ പറഞ്ഞു.
ഫർക്ക റേഷനിങ് ഇൻസ്പെക്ടർമാരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ടവക്ക് പകരം സാധനങ്ങൾ നൽകി അടിയന്തരമായി റേഷൻ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് തൃശൂരിൽ ചേർന്ന റേഷൻ വ്യാപാരി കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ശക്തമായ മഴയെ തുടർന്ന് പല സ്ഥലങ്ങളിലും റേഷൻ കടകളിൽ വെള്ളം കയറി ഭക്ഷ്യധാന്യങ്ങൾ നശിച്ചിരിക്കുകയാണ്. മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശ, മലയോര മേഖലയിലെ പല റേഷൻ കടകളിലും ഇപ്പോഴും അപകടഭീഷണി നിലനിൽക്കുന്നത് കൊണ്ട് സ്റ്റോക്കുള്ള ഭക്ഷ്യധാന്യങ്ങൾ നിലവിലെ വിതരണനയം പരിഗണിക്കാതെ എത്രയും വേഗം വിൽക്കുന്നതിന്ന് കോമ്പോയും മൈനസ് ബില്ലിങ്ങും അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.